പി എം ഇന്റേൺഷിപ്പ് പദ്ധതി; ഒരുദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷം ഉദ്യോഗാർത്ഥികൾ

ഇതുവരെ 193 കമ്പനികളാണ് പദ്ധതിയിൽ ഇന്റേൺഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്

dot image

ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം പി എം ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. പ്രധാനമന്ത്രിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ഈ വർഷത്തെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിക്കാണ് തുടങ്ങി ഒരു ദിവസത്തിനകം ഇത്രയേറെ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതുവരെ 193 കമ്പനികളാണ് പദ്ധതിയിൽ ഇന്റേൺഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂബിലന്റ് ഫുഡ്‌വർക്സ്, മാരുതി സുസുകി ഇന്ത്യ, എൽ & ടി, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ നിരവധി കമ്പനികൾ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുമുള്ള കമ്പനികൾ ഉണ്ട് എന്നതിനാൽ ഇന്റേൺഷിപ്പ് ലഭിക്കാൻ ഉദ്യോഗാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

മാനേജ്‌മന്റ്, പ്രൊഡക്‌ഷൻ, മെയിന്റനൻസ്, സലെസ് തുടങ്ങിയ നിരവധി മേഖലകളിലാണ് ഇന്റേൺഷിപ്പിന് അവസരമൊരുങ്ങുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 737 ജില്ലകളിൽ ഈ പദ്ധതി വഴി ഇന്റേൺഷിപ്പുകൾക്ക് അവസരമൊരുങ്ങും.

തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചത്. പ്രമുഖ കമ്പനികളെല്ലാം പദ്ധതിയിൽ പങ്കാളികളാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. രാജ്യത്തെ യുവതീയുവാക്കൾക്കിടയിൽ പ്രവൃത്തിപരിചയത്തിനും, അതുവഴി തൊഴിൽ ലഭിക്കാനും സഹായിക്കുന്ന ഈ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ യുവജനത കാണുന്നത്.

Content Highlights: record registration at pm internship programme

dot image
To advertise here,contact us
dot image