ഹയര്‍ സെക്കണ്ടറി, ബിരുദ വിദ്യാഭ്യാസം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന ചോദ്യമായിരിക്കും ഇനിയെന്ത് എന്നത്. അടുത്തതായി എന്ത് പഠിക്കണം, എവിടെ ജോലിക്ക് പ്രവേശിക്കണമെന്ന് തുടങ്ങി പല ആശയക്കുഴപ്പങ്ങളുമുണ്ടാകും. എന്ത് തീരുമാനമാണെങ്കിലും മത്സരപരീക്ഷകളിലൂടെയുള്ള പ്രവേശനമാണ് ഇന്ന് ഒട്ടുമിക്ക കോഴ്‌സുകളിലേക്കും ജോലികളിലേക്കുമുള്ള പ്രധാന മാര്‍ഗം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചവര്‍ക്ക് ഒരുപക്ഷേ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചവര്‍ക്ക് മെഡിക്കല്‍ കരിയറുമാകാം താല്‍പര്യം. പല കുട്ടികളും ബാങ്ക് സര്‍വീസസിന് വേണ്ടിയും ശ്രമിക്കാറുണ്ട്.
എന്നാല്‍ ഈ എന്‍ട്രന്‍സ് പരീക്ഷകള്‍ വിജയിച്ച് കയറാന്‍ കൃത്യമായ പരിശീലനം ആവശ്യമാണ്. ഇത്തരം പരിശീലനങ്ങള്‍ക്കാണെങ്കില്‍ പലര്‍ക്കും താങ്ങാനാകാത്ത പണമാണ് ആവശ്യമായി വരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഈ കോച്ചിങ്ങുകള്‍ താങ്ങാനാകില്ല.
ഇതിന് പരിഹാരവുമായാണ് സതീ (SATHEE) രംഗത്തെത്തിയിരിക്കുന്നത്. ഐഐടി കാണ്‍പൂറുമായി ചേര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഈ സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, എസ്എസ്‌സി, ബാങ്കിങ്, ഐസിഎആര്‍, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമാണ് സതീ.
വീഡിയോ ലക്ചറുകള്‍, മോക്ക് ടെസ്റ്റുകള്‍, സംശയങ്ങള്‍ ഇല്ലാതാക്കാനുള്ള തത്സമയ സെക്ഷനുകള്‍ തുടങ്ങി വിദഗ്ധര്‍ ഒരുക്കുന്ന നിരവധി ക്ലാസുകളാണ് സതീയിലൂടെ ലഭ്യമാകുന്നത്. ഡെയ്‌ലി ഡൗട്ട് ക്ലിയറിംഗ് സെഷനുകള്‍ (തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ 10 മുതല്‍ 6 വരെ), ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലാസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ പരീക്ഷ വിജയിക്കുമോയെന്നോ ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലി ശരിയാക്കുമെന്നോയുള്ള ഉറപ്പ് സതീ നല്‍കുന്നില്ല. വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പിക്കാനും വിജയത്തിലേക്ക് അവരെ നയിക്കുന്നതിനും സതീ സഹായിക്കുന്നു. താല്‍പര്യമുള്ളവര്‍ സതീ വെബ്‌സൈറ്റില്‍ കയറി അവരുടെ ഇഷ്ടമുള്ള പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാവുന്നതാണ്.
Content Highlights: Sathee free platform for Entrance Coaching