ദേശീയ ബിരുദ പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് വ്യക്തമാക്കി യുജിസി. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയം മാത്രമേ ബിരുദതലത്തില്‍ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധനയാണ് യുജിസി ഇതോടെ ഇല്ലാതാക്കിയിരിക്കുന്നത്. കൂടാതെ പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. 2025 മുതലാണ് പുതിയ പരിഷ്‌ക്കാരം കൊണ്ടുവരിക.
വിഷയങ്ങളും വെട്ടിചുരുക്കി. ഇത്തവണ 37 വിഷയങ്ങള്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം 63 വിഷയങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ ഏതൊക്കെ വിഷയങ്ങളാണ് ഒഴിവാക്കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.
ഒരു വിദ്യാര്‍ഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയം പരമാവധി 5 മാത്രമാക്കും. സിയുഇടി ആരംഭിച്ച വര്‍ഷങ്ങളില്‍ 10 വിഷയം വരെ തിരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 33 ഭാഷകള്‍ക്ക് പ്രത്യേകം പരീക്ഷയുണ്ടായിരുന്നത് 13 ആയി. ഡൊമെയ്ന്‍ വിഷയങ്ങള്‍ 29 ല്‍ നിന്ന് 23 ആയി. ഓന്‍ട്രപ്രണര്‍ഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഫാഷന്‍ സ്റ്റഡീസ്, ടൂറിസം, ലീഗല്‍ സ്റ്റഡീസ്, എന്‍ജിനീയറിങ് ഗ്രാഫിക്‌സ് എന്നിവ ഒഴിവാക്കി.
ഓരോ വിഷയത്തിലെയും പരീക്ഷാ സമയം 60 മിനിറ്റായി നിജപ്പെടുത്തും. കഴിഞ്ഞ വര്‍ഷം 45-60 മിനിറ്റ് ആയിരുന്നു. ഇത്തവണ മുതല്‍ ഓപ്ഷണല്‍ ചോദ്യവുമില്ല. മുഴുവന്‍ ചോദ്യത്തിനും ഉത്തരം നല്‍കണം. സിയുഇടി- യുജി, പിജി പരീക്ഷയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുജിസി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. 2022ല്‍ നടത്തിയ ആദ്യ പ്രവേശന പരീക്ഷയില്‍ നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഒരേ വിഷയത്തില്‍ തന്നെ നിരവധി ഷിഫ്റ്റുകളിലായി പരീക്ഷ നടത്തേണ്ടി വന്നു. ഫലം പ്രഖ്യാപിച്ച ശേഷവും വിവിധ ഏകീകരിക്കലുകള്‍ വേണ്ടി വന്നു. 2024ലാണ് ആദ്യമായി പരീക്ഷയില്‍ ഹൈബ്രിഡ് മോഡ് ഉപയോഗിച്ചത്.
Content Highlights: cuet ug pg exams 2025