ദക്ഷിണേന്ത്യക്കാരെ ഒഴിവാക്കി കൊണ്ടുള്ള തൊഴില്‍ പരസ്യവുമായി ഉത്തര്‍ പ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിങ് കമ്പനി. മൗനീ കണ്‍സള്‍ട്ടിങ് സര്‍വീസസാണ് ലിങ്ക്ഡ്ഇനില്‍ നല്‍കിയ തൊഴില്‍ പരസ്യത്തില്‍ ദക്ഷിണേന്ത്യക്കാരെ ഒഴിവാക്കിയിരിക്കുന്നത്. ഡാറ്റാ അനലിസ്റ്റിലേക്കുള്ള പരസ്യത്തിലാണ് ദക്ഷിണേന്ത്യക്കാര്‍ യോഗ്യരല്ല എന്ന തരത്തിലുള്ള പരാമര്‍ശമുള്ളത്.
ഈ വിവേചനപരമായ നീക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ മേഖലയില്‍ നാല് വര്‍ഷം അനുഭവ സമ്പത്തുള്ളവരെയാണ് കമ്പനി വിളിച്ചിരിക്കുന്നത്. ഹിന്ദി നന്നായി കൈകാര്യം ചെയ്യാന്‍ അറിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതകള്‍ പറഞ്ഞ് ഏറ്റവും അവസാനം പ്രത്യേക ശ്രദ്ധയ്‌ക്കെന്നോണമാണ് ദക്ഷിണേന്ത്യക്കാര്‍ യോഗ്യരല്ലയെന്ന് എഴുതിയിരിക്കുന്നത്.
South Indians are not allowed to apply for a job! pic.twitter.com/hTYVKkGPbs
— kannada yapper (@gotttillaa) December 13, 2024
കന്നഡ യാപ്പര്‍ എന്ന എക്‌സ് അക്കൗണ്ടാണ് ലിങ്ക്ഡിനില്‍ വന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് 40,000ത്തിലധികം പേര്‍ കാണുകയും പെട്ടെന്ന് തന്നെ ചര്‍ച്ചയാകുകയുമായിരുന്നു. പോസ്റ്റിനെ എതിര്‍ത്തും പിന്തുണച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദിയില്‍ പ്രാവീണ്യം വേണമെന്നുള്ളത് കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ ഒഴിവാക്കിയതെന്നാണ് പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദക്ഷിണേന്ത്യക്കാരില്‍ നന്നായി ഹിന്ദി അറിയുന്നവരുണ്ടെന്നാണ് മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: South Indians are not eligible Linkidin post gone viral