രാജ്യത്ത് സ്‌കൂള്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2023നെ അപേക്ഷിച്ച് 2024ല്‍ സ്‌കൂള്‍ പ്രവേശനം നേടിയവരില്‍ 37 ലക്ഷം കുട്ടികളാണ് കുറഞ്ഞത്. ഇതില്‍ ഭൂരിഭാഗം പേരും പിന്നാക്ക, ദളിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ജനസംഖ്യാവര്‍ദ്ധനവിന്റെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണ്. പക്ഷെ, പ്രാഥമിക വിദ്യാഭ്യാസം നേടുന്നവരുടെ കാര്യത്തില്‍ അതല്ല സാഹചര്യമെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022-2023 അദ്ധ്യയന വര്‍ഷം 2 കോടി 56 ലക്ഷം കുട്ടികളാണ് രാജ്യത്താകെ സ്‌കൂള്‍ പ്രവേശനം നേടിയത്. 2023-2024 വര്‍ഷത്തില്‍ ഇത് 2 കോടി 48 ലക്ഷമായി കുറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ല്‍ സ്‌കൂളില്‍ പ്രവേശനം നേടിയ മുസ്‌ളീം സമുദായത്തില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്റെ കുറവാണ് വന്നത്. സ്‌കൂള്‍ പ്രവേശനം നേടിയ കുട്ടികളില്‍ പിന്നാക്ക സമുദായത്തില്‍ നിന്ന് 2.5 മില്ല്യണ്‍, ദളിത് സമുദായത്തില്‍ നിന്ന് 1.2 മില്ല്യണ്‍ കുട്ടികളും കുറഞ്ഞു.
സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല എന്നതുകൂടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 5000ത്തിലധികം പുതിയ സ്‌കൂളുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം കൂടുതലായി തുറന്നത്. ഇതില്‍ ഏറെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 2023ല്‍ രാജ്യത്താകെ ഉണ്ടായിരുന്നത് 1.46 മില്ല്യണ്‍ സ്‌കൂളുകളായിരുന്നു. 2024ല്‍ ഇത് 1.47 മില്ല്യണ്‍ ആയി കൂടിയിട്ടുണ്ട്. യൂണൈറ്റഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഈ കണക്കുകള്‍ തയ്യാറാക്കിയത്.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോഴും അതിന്റെ ഗുണഫലം രാജ്യത്തെ എല്ലായിടങ്ങളിലും കൃത്യമായി എത്തുന്നില്ല എന്നതിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍. രാജ്യം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ വികസന ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക മേഖലയില്‍ വലിയ പുരോഗതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. അപ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിന് പുറത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ വലിയൊരു ഭാഗം സ്‌കൂളുകളില്‍ എത്തുന്നില്ല എന്നത് ഗൗരവമായ വിഷയമാണ്. ഇത് പരിഹാരിക്കാനായിരുന്നു എല്ലാവര്‍ക്കും ഒരുപോലെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയത്. ഇതുപ്രകാരം എല്ലാ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. പക്ഷെ, ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു എന്നതുകൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍.
Content Highlights: Drop in the number of children getting school admissions in the country