തൊഴില്‍ സമയം ആഴ്ചയില്‍ 90 മണിക്കൂറാക്കി ഉയര്‍ത്തണമെന്ന എസ്എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന വിവാദമായത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഹോളിവുഡ് താരങ്ങളും, വ്യവസായ പ്രമുഖരും അടക്കം നിരവധി പേരാണ് സുബ്രഹ്‌മണ്യന്റെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയത്. ഒപ്പം ജോലിയും വ്യക്തിജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകി. ഇതിനിടയിലാണ് ഗിറ്റാര്‍ വായിക്കാനറിയുന്നതിന്റെ പേരില്‍ ഉദ്യോഗാര്‍ഥിയെ ജോലിക്കെടുക്കാതിരുന്ന കഥ പങ്കിട്ട് ടട്‌ലര്‍ ഏഷ്യ സിഒഒ പര്‍മീന്ദര്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്. ഗിറ്റാര്‍ വായിച്ചിരുന്നാല്‍ ഉദ്യോഗാര്‍ഥി എപ്പോള്‍ ജോലിയെടുക്കുമെന്ന് ആശങ്കപ്പെട്ട് പര്‍മിന്ദര്‍ സിങ്ങിന്റെ ബോസ് ഉദ്യോഗാര്‍ഥിക്ക് ജോലി നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവച്ച അനുഭവത്തില്‍ പറയുന്നു.
Once a candidate applied to my team for a marketing role in India. Besides being a capable marketer, his CV mentioned that he runs marathons and plays guitar. My boss didn’t let me hire him, saying, "Yeh aadmi yeh sab kuchh karta hai to kaam kab karega?" I thought such managers…
— Parminder Singh (@parrysingh) January 10, 2025
'ഒരിക്കല്‍ ഒരു ഉദ്യോഗാര്‍ഥി എന്റെ ടീമിലേക്ക്, ഇന്ത്യയിലുള്ള ഒരു മാര്‍ക്കറ്റിങ് റോളിലേക്ക് അപേക്ഷ അയച്ചു. ജോലിക്ക് അനുയോജ്യനായ ഉദ്യോഗാര്‍ഥിയായിരുന്നു അയാള്‍. എന്നാല്‍ അയാളുടെ സിവിയില്‍ മാരത്തോണില്‍ പങ്കെടുക്കാറുണ്ടെന്നും ഗിറ്റാര്‍ വായിക്കാറുണ്ടെന്നും അയാള്‍ എഴുതിയിരുന്നു. മികച്ച പ്രൊഫൈല്‍ ആയിരുന്നെങ്കിലും ബോസ് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. അയാള്‍ ഇതെല്ലാം ചെയ്യുമെങ്കില്‍ എപ്പോഴാണ് ജോലിയെടുക്കാന്‍ സമയമുണ്ടാകുക എന്നായിരുന്നു ബോസ് ചോദിച്ചത്. ഞാന്‍ കരുതിയത് അത്തരം മാനേജര്‍മാരുടെ കാലം അവസാനിച്ചെന്നാണ്.പക്ഷെ ഇല്ലെന്നാണ് മനസ്സിലാകുന്നത്.' പര്‍മിന്ദര്‍ സിങ് ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
ഉദ്യോഗാര്‍ഥിയെ ജോലിക്കെടുക്കാന്‍ സാധിക്കാതിരുന്നതില്‍ താന്‍ ഇന്ന് പശ്ചാത്തപിക്കുന്നതായും പര്‍മിന്ദര്‍ പറഞ്ഞു.' എനിക്ക് അയാളെ ജോലിക്കെടുക്കാനായില്ല. അതില്‍ ഞാന്‍ ഇന്ന് പശ്ചാത്തപിക്കുന്നു. ഇത് സംഭവിച്ചത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ പിന്നീട് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. കാര്യങ്ങള്‍ മാറിയെന്നാണ് കരുതിയത്. പക്ഷെ മാറിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. ഞാന്‍ ഗൂഗിളില്‍ ഉണ്ടായിരുന്ന സമയം ഓര്‍ക്കുകയാണ്. അവിടെ ഒരു അലിഖിത നയം ഉണ്ടായിരുന്നു. നിങ്ങളിപ്പോള്‍ ഒളിമ്പിക്‌സിലാണ് മിടുക്കു തെളിയിച്ചിട്ടുള്ളതെങ്കിലും നിങ്ങള്‍ക്ക് നേരെ ഗൂഗിള്‍ ഓഫീസില്‍ ജോലി അന്വേഷിക്കുകയും ജോലി നേടുകയും ചെയ്യാം. മിടുക്ക് കൈമാറാവുന്ന ഒരു നൈപുണ്യമാണ്.'
ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ പര്‍മിന്ദറിന്റെ പോസ്റ്റിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയിലുണ്ടായത്. വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരുടെയും പ്രതികരണം. മികച്ചൊരു ഉദ്യോഗാര്‍ഥിയെയാണ് നിങ്ങളുടെ ബോസിന് നഷ്ടപ്പെട്ടതെന്ന് പ്രതികരിച്ചവരും നിരവധി.
Content Highlights: Candidate Rejected For Playing Guitar?