റെസ്യൂമെ അയയ്ക്കുമ്പോള്‍ ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം; മറുപടി ഉറപ്പ്

വലിയ ഇമെയിലുകള്‍ ക്ഷമയോടെ ഇരുന്ന് വായിക്കാന്‍ മാത്രം സമയമുള്ളവരായിരിക്കില്ല റിക്രൂട്ടര്‍മാര്‍

dot image

ജോലി ഒഴിവുകളിലേക്കെല്ലാം റെസ്യൂമെ അയച്ചു. പക്ഷെ എവിടെ നിന്നും പ്രതികരണമൊന്നും ലഭിക്കാതെ നിരാശരാണോ.. എങ്കില്‍ അടുത്ത തവണ റെസ്യൂമെ അയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ. റിക്രൂട്ടറെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലഭിക്കുന്ന ഒരേയൊരു റെസ്യൂമെ ആയിരിക്കില്ല നിങ്ങളുടേത്. അതുകൊണ്ടുതന്നെ അവരുടെ ശ്രദ്ധ കവരാന്‍ തക്കവിധം മികച്ച രീതിയില്‍ വേണം റെസ്യൂമെ തയ്യാറാക്കാനും അയയ്ക്കാനും.

സബ്ജക്ട് ലൈന്‍ ഒഴിച്ചിടാനുള്ളതല്ല

റിക്രൂട്ടറുടെ ഇന്‍ബോക്‌സില്‍ ജോലി അന്വേഷിച്ചുകൊണ്ടുള്ള നൂറുകണക്കിന് ഇമെയിലുകളായിരിക്കും വന്നുകിടക്കുന്നുണ്ടാകുക. അക്കൂട്ടത്തില്‍ നിന്ന് ശ്രദ്ധ ലഭിക്കണമെങ്കില്‍ നിങ്ങളാദ്യം ചെയ്യേണ്ടത് ട്രിക്കിയായിട്ടുള്ള എന്നാല്‍ മികച്ച സബ്ജക്ട് ലൈന്‍ കൊടുക്കുക എന്നുള്ളതാണ്. പൊതുവായുള്ള ജോലിക്കുള്ള അപേക്ഷ, റെസ്യൂമെ, ജോലി തേടുന്നു തുടങ്ങിയ പതിവുശൈലികള്‍ മാറ്റിപ്പിടിക്കണം. കാണുന്നവര്‍ക്ക് നിങ്ങളുടെ മെയില്‍ തുറന്നുനോക്കാന്‍ പാകത്തില്‍ താല്പര്യം ജനിപ്പിക്കുന്ന ഒന്നായിരിക്കണം നിങ്ങളുടെ സബജ്ക്ട് ലൈന്‍. ഉദാഹരണത്തിന് '15 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള പ്രോഗ്രാം പ്രൊഡ്യൂസര്‍ വെല്ലുവിളി നിറഞ്ഞ ലീഡ് പൊസിഷന്‍ അന്വേഷിക്കുന്നു.' , അല്ലെങ്കില്‍ 'എക്‌സ് എന്നയാളുടെ റെഫറന്‍സ് പ്രകാരം വൈ എന്ന ജോലിക്കുളള അപേക്ഷ', എബിസി കമ്പനിയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നു, 'എക്‌സ് വൈ ഇസെഡ് പോസ്റ്റാണ് തിരയുന്നത്.' സബ്ജക്ട് ലൈന്‍ വ്യക്തിപരവും നിങ്ങളുടെ ആവശ്യം വ്യക്തമാക്കുന്നതും ആരുടെയെങ്കിലും റെഫറന്‍സ് പ്രകാരമാണെങ്കില്‍ അവരുടെ പേരും കൂടെ ചേര്‍ത്ത് റിക്രൂട്ടറുടെ കണ്ണില്‍ പ്രഥമദൃഷ്ട്യാ ഇമെയില്‍ ശ്രദ്ധയില്‍ പെടുന്ന തരത്തിലുള്ള സബ്ജക്ട് ലൈന്‍ നല്‍കാന്‍ ശ്രദ്ധിക്കുക.

കൃത്യം, വ്യക്തം

വലിയ ഇമെയിലുകള്‍ ക്ഷമയോടെ ഇരുന്ന് വായിക്കാന്‍ മാത്രം സമയമുള്ളവരായിരിക്കില്ല റിക്രൂട്ടര്‍മാര്‍ എന്ന ബോധ്യത്തിലായിരിക്കണം നിങ്ങള്‍ ഇമെയില്‍ അയയ്‌ക്കേണ്ടത്. പരമാവധി ചുരുക്കി എന്നാല്‍ കാര്യങ്ങള്‍ വിട്ടുപോകാതെ കൃത്യമായി എഴുതാന്‍ പഠിക്കുക. നിങ്ങള്‍ ആരാണ്, എന്തുകൊണ്ടാണ് ജോലി തിരയുന്നത്, എന്താണ് ഈ കമ്പനി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്, അഭിമുഖത്തിനുള്ള അപേക്ഷ എന്നിവ അതില്‍ ഉണ്ടായിരിക്കണം.

റെഫറന്‍സ് നിര്‍ബന്ധം

പലരും റെഫറന്‍സ് എന്ന കോളം പോലും പൂരിപ്പിക്കാറില്ല. എന്നാല്‍ നിങ്ങള്‍ ജോലിക്ക് അപേക്ഷിക്കുന്ന കമ്പനിയും നിങ്ങളുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും വ്യക്തിയുണ്ടെങ്കില്‍ അയാളുടെ ശുപാര്‍ശ പ്രകാരമാണ് നിങ്ങള്‍ ജോലിക്ക് അപേക്ഷിക്കുന്നതെങ്കില്‍ അയാളുടെ പേര് ഇമെയിലിന്റെ തുടക്കത്തില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

റെസ്യുമെ മാത്രം പോര

അപേക്ഷയില്‍ റെസ്യൂമെ അറ്റാച്ച് ചെയ്യുന്നതിനൊപ്പം നിങ്ങളുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ കൂടി നല്‍കുക. റെസ്യുമെയില്‍ ഏതാനും വരികളില്‍ വിവരിച്ചതിന്റെ വിശദമായ രൂപം ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലൂടെ അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കണം. നിങ്ങളുടെ താല്പര്യമുള്ള മേഖല, കഴിവുകള്‍, നേട്ടങ്ങള്‍, മുന്‍പ് നിങ്ങള്‍ ചെയ്തിട്ടുള്ള പ്രൊജക്ടുകള്‍ എന്നിവ ലിങ്ക്ഡിനിലൂടെ അവര്‍ക്ക് വിലയിരുത്താനാകും.

താങ്ക്യുവില്‍ അവസാനിപ്പിക്കരുത്

നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്ന രീതിയിലാണ് പലരും തങ്ങളുടെ ജോലിക്കായുള്ള അപേക്ഷ അവസാനിപ്പിക്കുക. എന്നാല്‍ അതിനുപകരം ചെറിയൊരു ചോദ്യത്തോടെ നിങ്ങള്‍ക്ക് അവരില്‍ നിന്ന് പ്രതികരണം തേടാനാകും. ഉദാഹരണത്തിന് ഇക്കാര്യം സംസാരിക്കുന്നതിനായി ഒരു പത്തുമിനിട്ട് സംസാരിക്കാന്‍ താല്പര്യപ്പെടുന്നു. സമയം അനുവദിക്കാമോ, എപ്പോഴാണ് വിളിക്കേണ്ടത് എന്നോ, അല്ലെങ്കില്‍ പ്രസ്തുത റോളിനായി എന്തൊക്കെ ഗുണങ്ങളാണ് നിങ്ങള്‍ ഉദ്യോഗാര്‍ഥിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മെയിലിലൂടെ ചോദിക്കാം. നിങ്ങളുടെ അന്വേഷണം യഥാര്‍ഥമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങളുടെ മെയിലിന് അവര്‍ മറുപടി നല്‍കിയിരിക്കും.

Content Highlights: 5 simple email tricks to get a response from the recruiter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us