
പഠനം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത നിരവധി ചെറുപ്പക്കാര്‍ നമ്മുടെ ഇടയിലുണ്ട്. അത്തരത്തിലൊരു യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്‍ജീനിയറിങ് ബിരുദം നേടി രണ്ടുവര്‍ഷമായിട്ടും സ്ഥിരമായി ഒരു ജോലി കിട്ടാത്തതില്‍ തന്റെ നിരാശപ്രകടിപ്പിച്ച യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ താന്‍ സാലറിയില്ലാതെ വരെ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്നത്.
'നിരാശനാണ് സഹായിക്കണം. സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറാണ്', സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ബിരുദദാരി റെഡ്ഡിറ്റില്‍ കുറിച്ചു. 2023-ലാണ് യുവാവ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബി ഇ ബിരുദമാണ് യുവാവ് നേടിയിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളില്‍ യുവാവ് ഇന്റേണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ മാസം വീതമായിരുന്നു ഇന്റേണ്‍ഷിപ്.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധിപേർ കമന്റുമായി എത്തിയിട്ടുണ്ട്. യുവാവിന് പരീക്ഷിക്കാന്‍ നിരവധി പരിഹാരങ്ങള്‍ മറ്റ് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ മുന്നോട്ടുവെക്കുന്നുമുണ്ട്. ചിലര്‍ സി വി പുതുക്കിയെഴുതാനാണ് നിര്‍ദേശിച്ചത്. ഇ- മെയില്‍ വഴി വിവിധ കമ്പനികള്‍ക്ക് ജോലി അഭ്യര്‍ത്ഥന അയക്കാനും ചിലര്‍ പറയുന്നുണ്ട്.
Content Highlights: engineering grad job search despair