
അപ്രന്റിസ്ഷിപ്പിനായി ബാങ്ക് ഓഫ് ബറോഡയില്‍ അപേക്ഷിക്കാം. 4000 ഒഴിവുകളുള്ളതില്‍ കേരളത്തിന് 89 ഒഴിവുകളുണ്ട്. ബിരുദധാരികള്‍ക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനം ഏതാണ് അവിടുത്തെ മാതൃഭാഷ നിര്‍ബന്ധമായിട്ടും അറിയണം. ഒരു സംസ്ഥാനത്തെ ഒഴിവിലേക്കേ അപേക്ഷിക്കാവൂ. പരിശീലനം ഒരുവര്‍ഷത്തേക്കാണ്.
ബാങ്ക് ഓഫ് ബറോഡയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഒരുവര്‍ഷമോ അതില്‍ക്കൂടുതലോ പ്രവർത്തിപരിചയമുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രായപരിധി- 2025 ഫെബ്രുവരി ഒന്നിന് 20-28 വയസ്സ്.
പ്രായപരിധിയുടെ കാര്യത്തില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി. (എന്‍സിഎല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, ഒബിസി.-13 വര്‍ഷം, എസ് സി, എസ് ടി-15 വര്‍ഷം എന്നിങ്ങനെയും വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ NAPS/NATS പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ചെയ്യണം. വിവരങ്ങള്‍ക്ക്: www.bankofbaroda.co.in അവസാന തീയതി: മാര്‍ച്ച് 11.
Content Highlights: bank of baroda apprenticeship 2025