ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ 10 ജോലികള്‍ ഏതൊക്കെയെന്നറിയാമോ?

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ 10 ജോലികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

dot image

വളരെ ആസ്വദിച്ച് ജോലി ചെയ്യുന്നവരുണ്ട്, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജോലി ചെയ്യുന്നവരുമുണ്ടല്ലേ… ചില സമയങ്ങളില്‍ തങ്ങളുടെ ജോലിയാണ് ലോകത്ത് ഏറ്റവും മോശമെന്ന് ചിന്തിക്കുന്നവരുമുണ്ടാകില്ലേ? എന്നാല്‍ ഈ ലിസ്റ്റില്‍ നിങ്ങളുടെ ജോലി ഉണ്ടോയെന്ന് നോക്കൂ. 'ടോപ്‌റെസ്യൂമെ' തയ്യാറാക്കിയ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ 10 ജോലികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം,

തിമിംഗല ഛര്‍ദ്ദി ശേഖരിക്കല്‍

ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളുടെ പട്ടികയില്‍ 10-ാം സ്ഥാനത്ത് വരുന്ന ജോലിയാണിത്. ഇവ ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് വളരെ ബുദ്ധിമുട്ടേറിയ ജോലിയെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഏറെ അപകടം നിറഞ്ഞ ജോലി കൂടിയാണ് ഇത്. വിവിധ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമായാണ് Whale snot ഉപയോഗിക്കുന്നത്. ദശലക്ഷക്കണക്കിന് വിലയുള്ള Whale snot-ന് പെര്‍ഫ്യൂം വ്യവസായ രംഗത്തും ആവശ്യക്കാരുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ ഇവ സഹായിക്കും.

ഫോറന്‍സിക് എന്റമോളജിസ്റ്റ്

മോശം ജോലികളുടെ പട്ടികയില്‍ 9-ാം സ്ഥാനത്താണ് ഈ ജോലി. കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളില്‍ ഒരു വ്യക്തിയുടെ മരണസമയം ഉള്‍പ്പടെ നിര്‍ണയിക്കുകയാണ് ഇവരുടെ ജോലി. ഈ ജോലിക്കിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ തന്നെയാണ് ഇതിനെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളുടെ പട്ടികയില്‍ പെടുത്തിയത്.

അപകടങ്ങളില്‍ മരിക്കുന്ന ജീവികളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യല്‍

റോഡപകടങ്ങളില്‍ ജീവന്‍ പോകുന്ന മൃഗങ്ങളുടെ ഉള്‍പ്പടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യലാണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം

മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടേതാണ് ടോപ്‌റെസ്യൂമെയുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ജോലി. ഇത് ചെയ്യുമ്പോള്‍ ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ പാലിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഗുരുതരപ്രശ്‌നങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം.

ഹെഡ് ലൈസ് ടെക്‌നീഷ്യന്‍

പ്രത്യേക കെമിക്കലുകളും മരുന്നുകളും ഉപയോഗിച്ച് ചികിത്സ തേടിയെത്തുന്നവരുടെ തലയിലെ പേനുകളെ കൊല്ലുകയാണ് ഇവരുടെ ജോലി. മതിയായ ചികിത്സ നല്‍കലും നിര്‍ദേശങ്ങള്‍ നല്‍കലും ഇവരുടെ ജോലിയുടെ ഭാഗമാണ്. ടോപ്‌ടെസ്യൂമെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരാളില്‍ നിന്ന് 300 ഡോളര്‍ വരെയാണ് ഇവര്‍ ഈടാക്കുന്നത്.

വളങ്ങളുടെ പരിശോധന

ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ അഞ്ചാമത്തെ ജോലിയായാണ് മാന്യുര്‍ ഇന്‍സ്‌പെക്ഷന്‍ ടോപ്‌റെസ്യൂമെ തെരഞ്ഞെടുത്തിരിക്കുന്നത്. മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ പരിശോധിക്കുകയും വളത്തിനായുള്ള ഇതിന്റെ ഗുണനിലവാരം പരിശോധിക്കുകയുമാണ് ഇവരുടെ ജോലി.

പോര്‍ട്ട്-ഒ-പോട്ടി ക്ലീനര്‍

ബസ് സ്‌റ്റേഷനുകളും സബ്‌വേ സ്‌റ്റേഷനുകളും ഉള്‍പ്പടെയുള്ള പൊതുഇടങ്ങളിലും ജോലി സ്ഥലങ്ങളിലുമൊക്കെയുള്ള താല്‍കാലികമായ ടോയ്‌ലറ്റുകള്‍ ക്ലീന്‍ ചെയ്യുകയാണ് ഇവരുടെ ജോലി. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള പൈപ്പുള്‍ക്ക് ബ്ലോക്കുള്‍പ്പടെ എന്തെങ്കിലും തകരാറുകള്‍ വരികയാണെങ്കില്‍ ഇത് ശരിയാക്കേണ്ട ജോലിയും ഇവരുടേതാണ്. ഇതാണ് ബുദ്ധിമുട്ടേറിയ ജോലികളുടെ പട്ടികയില്‍ നാലാമതുള്ളത്.

ഡയപ്പര്‍ സര്‍വീസ് വര്‍ക്കര്‍

കുട്ടികളുടെ ഡയപ്പറുകള്‍ മാറ്റുകയാണ് ഇവരുടെ ജോലി. ഉപയോഗിച്ച ഡയപ്പറുകള്‍ നിര്‍ദേശിച്ചിരിക്കുന്നിടത്ത് ഉപേക്ഷിക്കേണ്ടതും ഇവരുടെ ജോലിയുടെ ഭാഗമാണ്.

ക്രൈം സീന്‍ ക്ലീനര്‍

ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ ജോലിയായാണ് ഇത് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കൊലപാതകങ്ങളുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുകയാണ് ഇവരുടെ ജോലി.

മോട്ടല്‍ ജോലി

മോട്ടലുകളിലെ ജോലിയാണ് ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയായി ടോപ്‌റെസ്യൂമെ തെരഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായ സമയമില്ലാത്ത ജോലിയും, കൂടുതല്‍ നേരം ജോലി ചെയ്യേണ്ടി വരുന്നതും മതിയായ പ്രതിഫലം ലഭിക്കാത്തതുമാണ് ഈ ജോലിയെ ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: List Of Ten Worst Jobs In The World

dot image
To advertise here,contact us
dot image