'യുഎസിലേക്ക് വരരുത്, കടം കയറി മുടിയും, വിഷാദം പിടിപെടും...'; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യുവാവ്

വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ അവസ്ഥയെന്താണെന്ന് നമ്മൾ അറിയാറുണ്ടോ?

dot image

വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന നിരവധി വിദ്യാർത്ഥികളാണ് നമ്മുടെ നാട്ടിലുള്ളത്. കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളെയാണ് ഈ വിദ്യാർത്ഥികൾ കൂടുതലായും ആശ്രയിക്കാറുള്ളത്. നിരവധി ഏജൻസികൾ തന്നെ ഇത്തരത്തിൽ വിദ്യാർത്ഥികളെ വിദേശത്തേക്ക് അയക്കാൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവിടെയെല്ലാം പഠിക്കാൻ പോകുന്ന കുട്ടികളുടെ അവസ്ഥയെന്താണെന്ന് നമ്മൾ അറിയാറുണ്ടോ? അത്തരത്തിലൊരു വിദ്യാർത്ഥിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

റെഡ്ഡിറ്റിൽ ആണ് ഈ അനുഭവം പങ്കുവെക്കപ്പെട്ടിരിക്കുന്നത്. യുഎസിൽ മാസ്റ്റർ ഓഫ് ഡിഗ്രി പഠിക്കുന്ന ഒരു റെഡ്ഡിറ്റ് യൂസർ അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കുകയാണ്. വിദേശവിദ്യാർത്ഥികൾ യുഎസിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് പോസ്റ്റിൽ ഉള്ളത്.

അമേരിക്കയിലെ വിദ്യാഭ്യാസ മേഖലകൾ കയ്യടക്കിവെച്ചിരിക്കുന്നത് കോച്ചിങ് മാഫിയകളാണെന്ന് ഈ യൂസർ പറയുന്നു. പല വാഗ്ദാനങ്ങളും നൽകിയാണ് അവർ യുഎസിലേക്ക് കുട്ടികളെ ആകർഷിക്കുക. എന്നാൽ അടുത്ത ഒരു മൂന്ന്, നാല്‌ വർഷത്തേയ്ക്ക് ആരും യുഎസിലേക്ക് വരരുത് എന്ന് യൂസർ പറയുന്നുണ്ട്.

വിദേശവിദ്യാർത്ഥികൾ യുഎസിൽ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ യൂസർ പറയുന്നുണ്ട്. വിദ്യാർത്ഥികൾ ജോലി കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. തനിക്ക് വിഷാദരോഗത്തിന് അടിമപ്പെട്ട ഒരുപാട് വിദ്യാർത്ഥികളെ അറിയാം. യുഎസിലെ സർവ്വകലാശാലകൾ പണം അപഹരിച്ച്, നിങ്ങളെ വലിയ കടത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുമെന്നും ഈ യൂസർ പറയുന്നു.

നിരവധി പേരാണ് ഈ അനുഭവങ്ങളെ അനുകൂലിച്ച് രംഗത്തുവരുന്നത്. അമേരിക്കയിൽ പഠനം കഴിഞ്ഞ് ഒരു ജോലി ലഭിക്കാനും, സ്റ്റുഡന്റ് ലോണുകൾ തീർത്ത് സാമ്പത്തികമായി മെച്ചപ്പെടാനും വലിയ പാടാണെന്ന് പലരും പറയുന്നുണ്ട്. 2022 വരെ അമേരിക്കയിൽ പഠിച്ചിറങ്ങിയിരുന്ന ഒരാൾക്ക് 3 ജോബ് ഓഫറുകൾ വരെ ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒന്ന് പോലും ഇല്ല എന്നാണ് മറ്റൊരു മറുപടി. ഇത്തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് പങ്കുവെക്കപ്പെടുന്നത്.

Content Highlights: Student's Advice, Caution to US education dreaming students

dot image
To advertise here,contact us
dot image