ബ്രേക്കപ്പായോ ലീവെടുത്ത് കരഞ്ഞോളൂ; 'ഹാര്‍ട്ട്‌ബ്രേക്ക് ലീവ്' നല്‍കുന്ന ഈ കമ്പനിയില്‍ ജോലി നേടാം

വ്യക്തിജീവിതത്തിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ ജോലിയില്‍ ശ്രദ്ധ നഷ്ടപ്പെടുക, വൈകാരികമായി തകര്‍ന്നുപോകുക തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനം പുറത്തുവന്നിരുന്നു.

dot image

പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുള്ള മാനസികാഘാതം മറികടക്കാന്‍ അവധി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഫിലിപ്പീന്‍സിലെ സെബു സെന്‍ച്വറി പ്ലാസ ഹോട്ടലാണ് അഞ്ചുദിവസത്തെ 'ഹാര്‍ട്ട്‌ബ്രേക്ക് ലീവ്' ജീവനക്കാര്‍ക്കായി ആദ്യം ഏര്‍പ്പെടുത്തുന്നത്. ഹോട്ടലിന്റെ സിഇഒ റികാര്‍ഡോ ഡുബ്ലാഡോയാണ് സ്വന്തം അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവനക്കാര്‍ക്കായി കേട്ടുപരിചയമില്ലാത്ത അവധി നടപ്പാക്കുന്നത്. അഞ്ചുദിവസത്തെ ശമ്പളത്തോടുകൂടിയ അവധി. (വര്‍ഷാടിസ്ഥാനത്തില്‍ ഒന്നുവീതം അവധിയെടുക്കാം, ഓരോ വര്‍ഷവും പുതിയൊരാളുമായാണ് ബ്രേക്കപ്പ് ആവുന്നതെങ്കില്‍ അങ്ങനെ)

എന്തായാലും റികാര്‍ഡോയുടെ ആശയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 2024ല്‍ ഒരു സാമാജികന്‍ ഇതുസംബന്ധിച്ച് ഒരു ബില്‍ മുന്നോട്ടുവച്ചു. പ്രണയത്തകര്‍ച്ചയില്‍ മാനസികമായി തളര്‍ന്നിരിക്കുന്നവര്‍ക്ക്, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളമില്ലാത്ത മൂന്നുദിവസത്തെ അവധി അനുവദിക്കണമെന്നാണ് ബില്ലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ബിസിനസ്സിനെ ബാധിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശമ്പളമില്ലാതെ ലഭിക്കുന്ന അവധിയില്‍ കാര്യമില്ലെന്നായിരുന്നു ജോലിക്കാരുടെ പക്ഷം.

ഇന്ന് പലരും ജീവിക്കുന്നത് ജോലി ചെയ്യാനും ടാര്‍ഗെറ്റ് തികയ്ക്കാനുമാണെന്ന രീതിയിലാണ്. എന്നാല്‍ ഒരു വിഭാഗം ഇതല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞ് കടുത്ത സമ്മര്‍ദങ്ങള്‍ നല്‍കുന്ന ജോലികള്‍ സ്വീകരിക്കാന്‍ മടികാണിക്കുന്നുണ്ട്. സ്ഥാനക്കയറ്റത്തേക്കാളും ധനസമ്പാദനത്തേക്കാളും സ്വന്തം മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ജീവനക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊണ്ടുള്ള തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്താന്‍ ചില കമ്പനികളെങ്കിലും മുന്നിട്ടിറങ്ങുന്നുണ്ട്.

വെല്‍ബീയിങ് ഡേയ്‌സ് എന്ന പേരില്‍ അഡോബി ജീവനക്കാരെ പിന്തുണയ്ക്കുന്നുണ്ട്. വിര്‍ജിന്‍ മണി അഞ്ചുദിവസങ്ങളാണ് ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളത്. യുകെ കമ്പനികളായ ടെസ്‌കോയും മെട്രോ ബാങ്കും വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന ജീവനക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ജോലിസമയം ക്രമീകരിക്കുകയും കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ സമയത്താണ് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് സ്ഥാപനങ്ങള്‍ പ്രധാന്യം കൊടുത്തുതുടങ്ങിയത്. വെല്‍ബീയിങ് ഡേയ്‌സ് നല്‍കിത്തുടങ്ങുന്നതെല്ലാം ആ കാലയളവിലായിരുന്നു.

2023ല്‍ മിനസോട്ട സര്‍വകലാശാലയില്‍ നിന്ന് പുറത്തുവന്ന പഠനത്തില്‍ 44 ശതമാനം ആളുകള്‍ വിവാഹമോചനത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും വ്യക്തിജീവിതത്തിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ ജോലിയില്‍ ശ്രദ്ധ നഷ്ടപ്പെടുക, വൈകാരികമായി തകര്‍ന്നുപോകുക തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

Hotel in the Philippines introduced five days of paid “heartbreak leave” for staff dealing with break-ups

dot image
To advertise here,contact us
dot image