സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി വമ്പൻ റിലീസുകൾ ഇറങ്ങുന്ന മാസമായി ഫെബ്രുവരി. മമ്മൂട്ടി ചിത്രം മുതൽ യുവതാരങ്ങൾ അണിനിരക്കുന്ന 'പ്രേമലു' വരെ റിലീസിനായി കാത്തിരിക്കുന്നു. പുതുവർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു മാസം ഇത്രയും ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഈ വരുന്ന വെള്ളിയാഴ്ച രണ്ട് ചിത്രങ്ങളാണ് റിലീസിനെത്തുന്നത്.
നസ്ലെൻ പ്രധാന കഥാപാത്രമായി എത്തുന്ന ഗിരീഷ് എ ഡി ചിത്രം 'പ്രേമലു'. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയായി അഭിനയിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നിർവഹിക്കുന്ന ചിത്രം ഒരു കൗമാര പ്രണയ ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങളും മികച്ച സ്വീകരണമാണ് ലഭിച്ചത്.
ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര് ഓഫ് ഡ്രീംസിന്റെ ബാനറില് ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...'; ഓം ശാന്തി ഓശാന'യുടെ ഓർമ്മ പങ്കുവെച്ച് നസ്രിയഇതിന് ശേഷം അടുത്ത ആഴ്ച മമ്മൂട്ടിയുടെ ഹൊറർ ചിത്രം 'ഭ്രമയുഗം' തിയേറ്ററുകളിലേക്ക് എത്തും. ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരുന്നു. വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭ്രമയുഗ'ത്തിനുണ്ട്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.
നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം 'തുണ്ട്' ഫെബ്രുവരി 16ന് തിയേറ്ററിൽ എത്തും. 'തല്ലുമാല', 'അയല്വാശി' എന്നീ ചിത്രങ്ങള്ക്ക് ശേഷം ആഷിക് ഉസ്മാന് ഒരുക്കുന്ന ചിത്രമാണ് 'തുണ്ട്'. നിര്മ്മാതാവ് ജിംഷി ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകന് റിയാസ് ഷെരീഫ്, കണ്ണപ്പ എന്നിവര് ചേര്ന്നാണ്. ട്രെയിലറിന് നല്ല സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
'ജാൻഎമൻ' എന്ന സൂപ്പർഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന 'കുതന്ത്രം ' എന്ന പ്രൊമോഷണൽ സോങ് ഇപ്പോഴും യുട്യൂബിൽ ട്രെൻഡിങ്ങാണ്.
മാസം അവസാനത്തോടെ നിവിൻ പൊളിയുടെ തിരിച്ചുവരവെന്ന് വിശേഷിപ്പിക്കുന്ന ചിത്രം 'മലയാളി ഫ്രം ഇന്ത്യ' റിലീസിനെത്തും എന്നാണ് റിപ്പോർട്ട്. 'ജന ഗണ മന' എന്ന സൂപ്പർഹിറ്റിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന കോമഡി എന്റർടൈനറാണ് ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ ആണ് നിർമ്മാണം. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ അനൗൺസ്മെമെന്റ് വീഡിയോ ശ്രദ്ധ നേടിയിരുന്നു. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും മലയാളി ഫ്രം ഇന്ത്യയിൽ പ്രധാന താരങ്ങളാണ്. ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് പുതിയ ചിത്രത്തിന്റെയും എഴുത്ത് നിർവ്വഹിച്ചിരിക്കുന്നത്. സുദീപ് ഇളമണ് ആണ് ചായാഗ്രഹണം.
ജിസ് ജോയിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'തലവനും' ഈ മാസം 23ന് തിയേറ്ററുകളിലെത്തും. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തലവനുണ്ട്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന തലവൻ ത്രില്ലർ മൂഡിലുള്ള ചിത്രമാണ്.