'തെരുവിൽ നിന്നു വന്നെന്നു കരുതി എനിക്ക് പോയെസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ ?'; വിവാദങ്ങളോട് ധനുഷ്

'16 വയസിൽ വെങ്കിടേഷ് പ്രഭുവിന് വേണ്ടി 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയെസ് ഗാർഡൻ വീട്...'
'തെരുവിൽ നിന്നു വന്നെന്നു കരുതി എനിക്ക് പോയെസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ ?'; വിവാദങ്ങളോട് ധനുഷ്
Updated on

ധനുഷ് തന്നെ സംവിധാനം ചെയ്ത് നായകനാകുന്ന അ​ദ്ദേഹത്തിന്റെ അമ്പതാമത് ചിത്രം രായൻ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചു നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലെ താരത്തിന്റെ പ്രസം​ഗം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. സിനിമയിലെത്തിയതിനെ കുറിച്ചും പ്രേക്ഷകർ അദ്ദേഹത്തിന് നൽകുന്ന സ്നേഹത്തെ കുറിച്ചും അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും സംസാരിച്ച താരം ഈയടുത്ത് പോയെസ് ​ഗാ‍ർ​ഡനിൽ താരം സ്വന്തമാക്കിയ വീടിനെ കുറിച്ച് സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ച‍ർച്ചയാകുന്നുണ്ട്.

രജനികാന്തും ജയലളിതയുമടക്കം സിനിമയിലെയും രാഷ്ട്രീയത്തിലെയും വിവിഐപികൾ മാത്രം താമസിക്കുന്ന ചെന്നൈയിലെ പോഷ് ഏരിയയാണ് പോയെസ് ​ഗാ‍ർഡൻ. രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുമായി വിവാഹ മോചനത്തിന് ശേഷം തൊട്ടടുത്തു തന്നെ ധനുഷ് വീട് വാങ്ങിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷ് ഒരു പൊതു വേദിയിൽ പോയെസ് ​ഗാർഡനിൽ വീട് വാങ്ങിയ കഥ പറഞ്ഞത്.

ഇത് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കിൽ ഞാൻ ഒരു ചെറിയ അപ്പാ‍ർട്ട്മെന്റിൽ താമസിച്ചേനെ. എന്താ എനിക്ക് പോയെസ് ​ഗാർഡനിൽ വാങ്ങാൻ പറ്റില്ലേ ? തെരുവിൽ നിന്ന് വന്നെന്നു കരുതി തെരുവിൽ തന്നെയേ ജീവിക്കാവൂ എന്നാണോ ? ഈ പോയെസ് ​ഗാ‍ർഡ വീടിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. ഞാൻ ആരുടെ ഫാൻ ആണ് എന്ന് എല്ലാവർക്കും അറിയാമല്ലോ, എനിക്ക് അന്ന് 16 വയസാണ്, ഒരു ചെറിയ ബൈക്കുമായി ഞാനും എന്റെ സുഹൃത്തും കൂടി കത്തീഡ്രൽ റോ‍ഡി വഴി പോകുമ്പോൾ, തലൈവരുടെ വീട് കാണണം എന്ന് ഒരു ആ​ഗ്രഹം. അപ്പോൾ അവിടെ നിന്ന ഒരാളോട് ഞാൻ ചോദിച്ചു, തലൈവർ വീട് എവിടെയാണ് എന്ന്. വീട് കാണിച്ചു തന്നു, ഞങ്ങൾ അവിടെ പോയി.

അവിടെ ചെന്നപ്പോൾ കുറച്ച് പൊലീസൊക്കെ നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നു, കൂടാതെ പോയി വേ​ഗം വരണമെന്നും പൊലീസുകാരന്‍ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ട് പേരും അവിടെ പോ‌യി തലൈവർ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിന് മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു സെക്കൻഡ് ഇറങ്ങി നിന്നു, 'ഇങ്ങോട്ട് നോക്കിയാൽ രജനി സാർ വീട്, അങ്ങോട്ട് നോക്കിയാൽ ജയലളിത അമ്മ വീട്.. ഒരു നാൾ... ഒരു ദിവസം എങ്ങനെയെങ്കിലും പോയെസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണം' എന്ന് മനസിൽ ഒരു വാശി കേറി.

ആ സമയത്ത് എനിക്ക് വയസ് 16, വീട് വലിയ കഷ്ടത്തിലാണ് പൊയ്ക്കൊണ്ടിരുന്നത്. ഒരുപാട് പ്രശ്നങ്ങൾ.. തുളളുവതോ ഇളമൈ എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിന്‍റെ നടുവില്‍ നിൽക്കേണ്ടി വന്നേനെ. അത്രയും മോശം അവസ്ഥയിലാണ് ഞങ്ങൾ അന്ന് ഉണ്ടായിരുന്നത്. ആ സമയത്ത് ഇന്നലെകളെ ഓർത്ത് നഷ്ടബോധവുമില്ല, നാളെയേ കുറിച്ചോർത്ത് ആശങ്കയുമില്ല ആ വയസിൽ. അങ്ങനെ ഇരുന്ന ആ 16 വയസിൽ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർത്ഥ പേര്) 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയെസ് ഗാർഡൻ വീട്... നമ്മളാരാണ് എന്ന് നമ്മൾ മാത്രമറിഞ്ഞാൽ മതി. ഞാൻ ആരാണെന്ന് എനിക്കറിയാം, ഭഗവാൻ ശിവനറിയാം. എന്റെ അച്ഛനും അമ്മയ്ക്കുമറിയാം എന്റെ കുട്ടികൾക്കും അറിയാം., ധനുഷ് പറഞ്ഞു നിര്‍ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com