തന്നെ ആവേശം കൊള്ളിക്കുന്ന കഥയോ സംവിധായകനോ ഉണ്ടെങ്കിൽ മാത്രം മലയാളത്തിന് പുറത്ത് അഭിനയിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. 'കെജിഎഫ്', 'കാന്താര' സിനിമകളുടെ നിർമ്മാതാക്കളായ ഹോംബാലയ്ക്ക് പോലും ഫഹദിനെ കന്നഡ സിനിമയിലേയ്ക്ക് കൊണ്ടുപോകാനായില്ല. പകരം ഹോംബാലയെക്കൊണ്ട് മലയാളത്തിൽ സിനിമ ചെയ്യിക്കുകയാണ് ഫഹദ് ചെയ്തത്. തമിഴ് സിനിമ 'മാമന്നനാ'യി മാരിസെൽവരാജിന് കൈകൊടുത്ത താരം അതിൻ്റെ കാരണം വ്യക്തമാക്കുന്നു.
'മാരിയുടെ ലോകം പരിചയമുള്ളതായിരുന്നില്ല. തീർത്തും പുതിയൊരു അനുഭവമായിരുന്നു മാമന്നൻ. മാരിയുമായി ബന്ധപ്പെട്ടതെന്തും ചുറ്റുമുള്ള മനുഷ്യരെ പരിഗണിച്ചുകൊണ്ടുള്ളതാണ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾക്കായി സംസാരിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ സിനിമകളും അങ്ങനെതന്നെ. എനിക്കും അതിന്റെ ഭാഗമാകണമായിരുന്നു,' ഒടിടിപ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു.
നിറഞ്ഞ കൈയ്യടിയും മികച്ച പ്രതികരണങ്ങളുമായാണ് മാമന്നൻ തിയേറ്ററുകളിൽ മുന്നേറുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിന് പ്രതിനായക വേഷമാണ്. ഉദയനിധി സ്റ്റാലിൻ, വടിവേലു, കീർത്തി സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒൻപത് കോടിയാണ് രണ്ട് ദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നുമാത്രം മാമന്നൻ നേടിയത്. കേരളത്തിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.