നടൻ ആർ മാധവന്റെ ആദ്യം സംവിധാന സംരഭമായിരുന്ന 'റോക്കട്രി- ദ നമ്പി എഫക്ട്' ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പിടിച്ചിരുത്തിയ ബയോപിക്കാണ്. ഐ എസ് ആര് ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ വൻവിജയമാണ് സ്വന്തമാക്കിയത്. റോക്കട്രി റിലീസിന്റെ ഒരു വർഷം ആഘോഷിക്കുന്ന ചിത്രത്തിന്റെ നിർമ്മാതക്കൾ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച പ്രധാനപ്പെട്ടവർക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആഡംബര വാച്ചുകളാണ് നിർമ്മാതാക്കൾ സമ്മാനിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് റോക്കട്രിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നത്. ആ സമയത്ത് സിനിമയെ അതിന്റെ പൂർണതയിലെത്തിക്കാൻ എല്ലാ പ്രതിസന്ധികൾക്കിടയിലും പ്രൊഡക്ഷൻ ടീം പരിശ്രമിച്ചതായും നിർമ്മാതാക്കൾ പറയുന്നു. മികച്ച നിരൂപക ശ്രദ്ധനേടിയ ചിത്രം ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. കാന് ഫിലിം ഫെസ്റ്റിവലില് ഉള്പ്പെടെ ചിത്രം പ്രദര്ശിപ്പിക്കുകയും ചെയ്തു.
ആര് മാധവന് തന്നെയാണ് ചിത്രത്തില് നമ്പി നാരായണനായി എത്തിയത്. ചിത്രത്തിന്റെ സഹ സംവിധായകൻ മലയാളിയായ പ്രജേഷ് സെന്നാണ്. ഐ എസ് ആർ ഒ ചാരക്കേസിനെ തുടര്ന്ന് നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടായ പ്രതിസന്ധികളേക്കുറിച്ചും തുടർന്നുള്ള സംഭവവികാസങ്ങള് ഇന്ത്യന് ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു എന്നതിനേക്കുറിച്ചുമാണ് റോക്കട്രി പറഞ്ഞുവെയ്ക്കുന്നത്.
ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച സിനിമ മലയാളം, തെലുങ്ക് , കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റുകയായിരുന്നു. ഒപ്പം അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്മ്മന്, ചൈനീസ്, റഷ്യന്, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയതോടെ ഒരേ സമയം ഏറ്റവും കൂടുതല് ഭാഷകളില് പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന് ചിത്രമായി റോക്കട്രി ദ നമ്പി ഇഫക്ട് മാറി.