നടൻ വിജയകുമാർ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പരാതിയുമായി മകളും നടിയുമായ അർഥന

ജനാലയിൽ നിന്ന് സംസാരിക്കുന്നതിന്റെ ചിത്രവും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് അർഥന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

dot image

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി മകളും നടിയുമായ അർഥന. മതിൽ ചാടിക്കടന്ന് സഹോദരിയേയും മുത്തശ്ശിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അർഥന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. വിജയകുമാർ മതിൽ ചാടിക്കടക്കുന്നതിന്റെയും ജനാലയിൽ നിന്ന് സംസാരിക്കുന്നതിന്റെയും ചിത്രവും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസിനെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല എന്നും അതുകൊണ്ടാണ് പരസ്യമായി പോസ്റ്റ് ഇടുന്നതെന്നും അർഥന പോസ്റ്റിൽ കുറിച്ചു. അഭിനയിക്കണമെങ്കിൽ താൻ പറയുന്ന സിനിമകളിൽ അഭിനയിക്കണം, അനുസരിച്ചില്ലെങ്കിൽ അഭിനയം നിർത്തിക്കുമെന്ന് വിജയകുമാർ ഭീഷണി മുഴക്കിയതായും നടി പറയുന്നു.

അർഥനയുടെ പോസ്റ്റിന്റെ പൂർണരൂപം

സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടനായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതിൽ ചാടി ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിലുള്ളത്. എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസുള്ള അമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ മാതൃവീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ വീട്ടിൽ അതിക്രമിച്ചു കയറുന്നു. ഞങ്ങൾ അദ്ദേഹത്തിനെതിരെ നൽകിയ നിരവധി പോലീസുകൾ കേസുകളുണ്ട്.

ഇന്ന്, അദ്ദേഹം ഞങ്ങളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

എനിക്ക് അഭിനയിക്കണമെങ്കിൽ താൻ പറയുന്ന സിനിമകളിൽ അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാൾ ആരോപിച്ചു. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ എന്റെ സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും എതിരെ ഞാനും എന്റെ അമ്മയും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രമാണ്. എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം ഞാൻ അഭിനയം തുടരും. ഞാൻ അഭിനയിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അദ്ദേഹം നിയമപരമായ കേസ് ഫയൽ ചെയ്തിരുന്നു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയിൽ ഒപ്പിടേണ്ടി വന്നു, അർഥന കുറിപ്പിൽ പറയുന്നു.

dot image
To advertise here,contact us
dot image