ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും ഫഹദ് ഫാസിലിന്റെയും നേത്യത്വത്തിലുള്ള ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാം ചിത്രം ഒരുങ്ങുന്നു. 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് സംവിധായകൻ. പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.
ശ്യം പുഷ്കരൻ, ഫഹദ് ഫാസിൽ ഗിരീഷ് എ ഡി, ദിലീഷ് പോത്തൻ എന്നിവർ ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ദിലീഷ് പോത്തനാണ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഞാനും ശ്യാമും ഫഹദും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നു.
നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണ്. ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു, ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീഷ് പോത്തൻ കുറിച്ചു.
'നെയ്മർ' ആണ് നസ്ലിൻ ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം. 'പ്രണയ വിലാസ'മായിരുന്നു മമിതയുടേതായി ഒടുവിലെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ ആവറേജ് വിജയം സ്വന്തമാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഗിരീഷ് എ ഡി യുടെ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെയാണ് മമിത മലയാള സിനിമയിൽ ശ്രദ്ധേയമായത്.