'ഇമ്മിണി ബല്യ' കഥാകാരൻ്റെ ഓർമ്മയിൽ

പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയും അങ്ങനെയങ്ങനെ വ്യത്യസ്ത ജീവിതങ്ങളായിരുന്നു ഓരോ ബഷീർ കഥകളും..

dot image

മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരൻ വിട പറഞ്ഞിട്ട് 29 വർഷം. 'വൈക്കം മുഹമ്മദ് ബഷീർ' എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പേരല്ല. പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും മതിലുകളും അനുരാഗത്തിൻ്റെ ദിനങ്ങളുമൊക്കെ ചേർന്ന വലിയൊരു വികാരമാണ്.

തന്റെ ശോകാനുഭവങ്ങളെയും വായനക്കാരിൽ ചിരിപടർത്തുന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ബഷീറിയൻ രീതി. പാത്തുമ്മയുടെ ആട് തന്നെ ഉദാഹരണം. വായിക്കാൻ കൗതുകം തോന്നിപ്പിക്കുന്ന കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ, ഹുലാലോ തുടങ്ങിയ എത്രയെത്ര വാക്കുകളാണ് അദ്ദേഹം മലയാളത്തിന് സമാനിച്ചത്. അണ്ണാനും ആടും ഓന്തും ഉറുമ്പും പാമ്പും ചിത്രശലഭവുമടക്കം ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ പ്രകൃതിസ്നേഹിയും, താൻ ഗാന്ധിജിയെ തൊട്ടെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അദ്ദേഹം. പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയുമടക്കം വ്യത്യസ്ത ജീവിതങ്ങളായിരുന്നു ഓരോ ബഷീർ കഥകളും.

1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു ബഷീറിന്റെ ജനനം. 14 നോവലുകളും 13 ചെറുകഥകളും പതിനൊന്ന് വിവർത്തനങ്ങളുമാണ് ജനകീയ എഴുത്തുകാരന്റെ സാഹിത്യലോകത്തിനുള്ള സംഭാവന. സ്വന്തം കൃതികൾ സിനിമയായപ്പോൾ കഥയും തിരക്കഥയുമൊരുക്കി അഭിനയവും പയറ്റിനോക്കി.1982-ൽ അദ്ദേഹത്തെ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ബഷീറിന്റെ ഓർമ്മകൾക്ക് പഴക്കംചെല്ലുമോ? ഇല്ല... കാരണം, വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പുകാരനല്ല, ബേപ്പൂരുകാരനുമല്ല, ഈ പ്രപഞ്ചമത്രയും താനും തന്റെ തട്ടകവുമെന്നു കരുതിപ്പോന്ന ഒരു വിശാലഹൃദയനാണ്. പകരക്കാരേതുമില്ലാതെ മലയാളത്തിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുകയാണ് സുൽത്താൻ!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us