പ്രതീക്ഷവയ്ക്കുന്ന നിരവധി ഹോളിവുഡ് സിനിമകൾ റിലീസിനായി അണിനിരക്കുന്നതിനാൽ സിനിമാ പ്രേമികൾ ആവേശത്തിലാണ്. ടോം ക്രൂസിന്റെ 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വൺ' മുതൽ ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമർ' വരെ, നിരവധി ഹോളിവുഡ് സിനിമകൾ ഈ മാസം ബിഗ് സ്ക്രീനിലെത്തും. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നോളൻ ചിത്രം. ജൂലൈ 21ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രീ ബുക്കിംഗ് പൊടിപൊടിക്കുകയാണ്. അതിനിടെ ഇന്ത്യയിൽ പുതിയ റെക്കോർഡ് തീർത്തിരിക്കുകയാണ് ഓപ്പൺഹൈമർ.
ഫ്രാഞ്ചൈസികളുള്ള ജനപ്രിയ സിനിമകൾക്ക് മാത്രമാണ് ഇന്ത്യയിൽ മുൻകാലങ്ങളിൽ പുലർകാല സ്ക്രീനിങ്ങുകൾ അനുവദിച്ചിരുന്നത്. എന്നാൽ റിലീസ് ദിവസമായ ജൂലൈ 21ന് പുലർച്ചെ മൂന്ന് മണി, നാല് മണി, അഞ്ച് മണി ഷോകൾ ആണ് ഓപ്പൺഹൈമറിന് അനുവദിച്ചിട്ടുള്ളത്. നിലവിൽ മുംബൈയിൽ ഇതിനായി ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പിന്നാലെ മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് സാധ്യത. നോളൻ ചിത്രങ്ങളുടെ ജനപ്രീതി കണക്കിലെടുത്താണ് ഈ തീരുമാനം.
ഓപ്പൺഹൈമറിൽ വിഎഫ്എക്സ് രംഗങ്ങള് ഇല്ലെന്നാണ് ക്രിസ്റ്റഫർ നോളൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കുന്ന സിനിമയാകും ഓപ്പൺഹൈമറെന്നും നോളൻ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ന്യൂക്ലിയർ സ്ഫോടനം യഥാർത്ഥമായി ചിത്രീകരിക്കുകയാണ് നോളൻ. സംവിധായകൻ പറയുന്നത് ശരിയെങ്കിൽ ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടാൻ പോകുന്ന സിനിമയാകും ഓപ്പൺഹൈമർ.
1945ൽ ഓപ്പൺഹൈമറെന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ നടന്ന 'ട്രിനിറ്റി ടെസ്റ്റ്'(മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി വീണ്ടും സൃഷ്ടിച്ചത്. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ നോളൻ സിനിമയ്ക്കുണ്ട്. ഹൊയ്തെ വാൻ ഹൊയ്തെമയാണ് ഓപ്പൺഹൈമറിനായി ക്യാമറ ചലിപ്പിക്കുന്നത്.
ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ', 'ബാറ്റ്മാൻ ബിഗിൻസ്', 'ഡൺകിർക്ക്' തുടങ്ങിയ സിനിമകളിൽ പ്രധാന വേഷം അവതരിപ്പിച്ച കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിൽ എത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമാണ്.