'പാട്ട്' തുടങ്ങാറായി; അൽഫോൺസ് പുത്രൻ-ഫഹദ് ഫാസിൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നു

സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അൽഫോൻസ് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു

dot image

'പുഷ്പ ദ റൂളി'ന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രനുമായി ഒന്നിക്കുമെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞത് അടുത്തിടെയാണ്. 'ഗോൾഡി'നും മുമ്പേ പ്രഖ്യാപിച്ച 'പാട്ട്' ആണ് പുതിയ ചിത്രമെന്നാണ് വിവരം. പാട്ട് ഉപേക്ഷിച്ചിട്ടില്ലെന്നും 'പോസ് മോഡിൽ' ആണെന്നും അൽഫോൺസ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും 2024 ജനുവരി 20ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നയൻതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാട്ടുകൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ അൽഫോൺസ് പുത്രൻ തന്നെയാകും സംഗീത സംവിധായകൻ എന്നും വാർത്തകളുണ്ടായിരുന്നു.

യുജിഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സക്കറിയ തോമസും ആൽവിൻ ആൻറണിയും ചേർന്നാണ് നിർമ്മാണം. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ ഗോപിനാഥ് എന്നിവർ ശബ്ദമിശ്രണവും നിർവഹിക്കും. അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അൽഫോൻസ് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ആദ്യ ചിത്രം മുതൽ തമിഴിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ അൽഫോൺസിന്റെ തമിഴ് അരങ്ങേറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. 'ഗിഫ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിനിമയിൽ ഏഴ് പാട്ടുകൾ ഉണ്ടാകും. ഇളയരാജ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്ന വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us