മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യിൽ നായികയാകുന്നത് സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ ആണ്. റോഷൻ മേകയുടെ സഹതാരമായാകും ഷനായ എത്തുക. ഏതൊരാൾക്കും സിനിമയിൽ ലഭിക്കാവുന്ന മികച്ച തുടക്കമാണ് താരപുത്രിക്ക് ലഭിക്കുന്നത്. ഷനായയെ അഭിനന്ദിച്ചുള്ള ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
'ചില യാത്രകളെ പ്രിവിലേജായി ആളുകൾ കാണുന്നു, ചിലതിന് പാരമ്പര്യത്തിന്റെ ആനുകൂല്യം എന്ന ടാഗ് നൽകുകയും ചെയ്യുന്നു... അതെല്ലാം ശരിയാണ്. എന്നാൽ ഷനായ, നിന്നിൽ സ്വപ്നങ്ങൾ കാണുന്ന ഒരു കലാകാരിയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, എല്ലാ അഭിനിവേശവും കഠിനാധ്വാനവുമായാണ് നീ ക്യാമറയ്ക്ക് മുന്നിലേയ്ക്കെത്തുന്നത്... ഇത് നിനക്ക് മികച്ച അവസരമാണ്. ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, വഴിയിലെ തടസങ്ങൾകൊണ്ട് ഒരിക്കലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുത്! സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോകൂ,' കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബോളിവുഡിൽ കാലങ്ങളായി നിലനിൽക്കുന്ന നെപ്പോട്ടിസം ചർച്ചകളിലേയ്ക്കാണ് കരൺ ജോഹറിന്റെ വാക്കുകൾ വീണ്ടും വഴിതുറന്നത്. യഥാർത്ഥമായ ഒരു പ്രശ്നത്തെ പഞ്ചാരപുരട്ടി കാണിച്ച് സ്വാഭാവികമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കഴിവുള്ള അനേകം പേരെ പുറത്തുനിർത്തി ഇങ്ങനെ ചെയ്യുന്നത് അനീതിയാണെന്നുമാണ് കമന്റുകളിൽ ആളുകളുടെ പ്രതികരണം.
നന്ദകിഷോറിന്റെ സംവിധാനത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്. അച്ഛനും മകനുമിടയിലെ ബന്ധം സിനിമയുടെ പശ്ചാത്തലമാകുമെന്നാണ് വിവരം. മോഹൻലാലിന്റെ മകന്റെ കഥാപാത്രത്തെയാണ് റോഷൻ മേക്ക അവതരിപ്പിക്കുന്നത്. സിമ്രാൻ ആണ് മോഹൻലാലിന്റെ സഹതാരമെന്നും റിപ്പോർട്ട് ഉണ്ട്. 200 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ഏക്ത കപൂറിൻറെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുക.