മാരി സെൽവരാജ് ചിത്രം 'മാമന്നൻ' മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രതിനായക വേഷം കൈകാര്യം ചെയ്തത് മലയാളി താരം ഫഹദ് ഫാസിലാണ്. ഫഹദിന് നന്ദിയറിയിക്കുകയാണ് സംവിധായകൻ.
'ഫഹദ് ഫാസിൽ, നിങ്ങൾക്കൊപ്പം പ്രവർത്തിച്ചത് മികച്ച അനുഭവമായിരുന്നു. മാമന്നൻ എനിക്ക് തീർച്ചയായും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. രത്നവേലുവെന്ന കഥാപാത്രത്തിനായി നിങ്ങൾ നടത്തിയ പരിശ്രമത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ നിങ്ങളുടെ പങ്ക് അളക്കാനാവാത്തതാണ്. ഒരുപാട് സ്നേഹം...,' എന്നാണ് മാരി സെൽവരാജ് എഴുതിയത്. തമിഴ് മാധ്യമങ്ങൾ നൽകിയ റിവ്യൂ പങ്കുവച്ചുകൊണ്ടാണ് മാരിയുടെ ട്വീറ്റ്. രത്നവേലുവിന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് കമന്റുകളിൽ നന്ദി അറിയിക്കുകയാണ് തമിഴ് പ്രേക്ഷകരും. സിനിമയുടെ നെടുംതൂണാണ് ഫഹദിന്റെ പ്രകടനമെന്നും ഫഹദില്ലാതെ സിനിമ പൂർണ്ണമാകുന്നില്ലെന്നും കമന്റുകളുണ്ട്.
I had the most amazing time working with you #FahadhFaasil Sir! Maamannan was a dream come true indeed!! I can't thank you enough for the amount of effort you put into Rathnavelu's character!! Your part in this Blockbuster victory is immeasurable!! Love you Sir!! ❤️#Maamannan… pic.twitter.com/bkzpH8nCBk
— Mari Selvaraj (@mari_selvaraj) July 16, 2023
തന്നെ ആവേശം കൊള്ളിക്കുന്ന കഥയോ സംവിധായകനോ ഉണ്ടെങ്കിൽ മാത്രം മലയാളത്തിന് പുറത്ത് അഭിനയിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. 'കെജിഎഫ്', 'കാന്താര' സിനിമകളുടെ നിർമ്മാതാക്കളായ ഹോംബാലയ്ക്ക് പോലും ഫഹദിനെ കന്നഡ സിനിമയിലേയ്ക്ക് കൊണ്ടുപോകാനായില്ല. പകരം ഹോംബാലയെക്കൊണ്ട് മലയാളത്തിൽ സിനിമ ചെയ്യിക്കുകയാണ് ഫഹദ് ചെയ്തത്. തമിഴ് സിനിമ 'മാമന്നനാ'യി മാരിസെൽവരാജിന് കൈകൊടുത്ത താരം അതിന്റെ കാരണം അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാരി സെൽവരാജിന്റെ ലോകം പരിചിതമായിരുന്നില്ലെന്നും അതിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് മാമന്നനിൽ എത്തിച്ചതെന്നുമാണ് താരം പറഞ്ഞത്.