ചിയാൻ വിക്രമിനെ നായകനാക്കി 2016ല് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ആരാധകര് ഏറെ കാത്തിരിക്കുന്ന ഈ ഗൗതം മേനോന് ചിത്രത്തെക്കുറിച്ചുള്ള വലിയ അപ്ഡേറ്റുകളോ റിലീസ് തീയതിയോ ഇതുവരെ പുറത്തുവന്നിട്ടില്ല. ആദ്യ ഗാനമെത്തി വർഷങ്ങൾക്ക് ശേഷം ജൂലൈ 19നാണ് റിലീസ് ഉടനെന്ന പ്രതീക്ഷ നൽകി രണ്ടാം ഗാനം അണിയറക്കാർ പുറത്തുവിട്ടത്. എന്നാൽ നടി ഐശ്വര്യ രാജേഷ് അഭിനയിച്ച ആദ്യഗാനം യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായി.
യൂട്യൂബിലെ കാസ്റ്റ് ലിസ്റ്റിൽ നിന്നും താരത്തിന്റെ പേര് നീക്കം ചെയ്തത് കണക്കിലെടുത്ത് ഐശ്വര്യ സിനിമയുടെ ഭാഗമാകില്ലെന്ന നിഗമനത്തിലാണ് ആരാധകർ. സിനിമയിലെ ഐശ്വര്യയുടെ ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതായാണ് അഭ്യൂഹങ്ങൾ. വിക്രമിന്റെ ഡേറ്റ് വേണ്ടവിധത്തിൽ ലഭിക്കാത്തതിനാൽ തിരക്കഥ പ്രകാരം സിനിമ പൂർത്തിയാക്കാനായിട്ടില്ലെന്നും കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ ഐശ്വര്യ രാജേഷിൻ്റെ കഥാപാത്രത്തെ ഒഴിവാക്കിയെന്നുമാണ് റിപ്പോർട്ട്.
Seems like #AishwaryaRajesh's portions were totally removed from #DhuruvaNatchathiram !!
— AmuthaBharathi (@CinemaWithAB) July 20, 2023
- OruManam song was made as private in YouTube & the song likely will not appear in the movie
- In recently released Second AiswaryaRajesh name was removed from the cast list of YouTube… pic.twitter.com/BsLKSxzsIr
അതേസമയം 'ഹിസ് നെയിം ഈസ് ജോൺ' എന്ന വിക്രമിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. പാല് ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിനൊപ്പം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസവും സംവിധായകന് നല്കിയ സൂചന. എന്നാല് റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഋതു വര്മ്മ, സിമ്രാന്, ആര് പാര്ഥിപന്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യദര്ശിനി, മുന്ന സൈമണ്, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന് താരനിരയാണ് ചിത്രത്തിലുള്ളത്. ഏഴ് രാജ്യങ്ങളിലായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്വഹിക്കുന്നു. പി മദന്, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്മ്മാണം.