ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമറും' ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി'യും ഒരേദിവസം റിലീസിനെത്തുകയാണ്. ഏറെ കാലങ്ങൾക്ക് ശേഷമാണ് പ്രതീക്ഷയുള്ള രണ്ട് ഹോളിവുഡ് ചിത്രങ്ങൾ ക്ലാഷ് റിലീസായെത്തുന്നത്. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നോളൻ ചിത്രം. ഗ്രെറ്റ ഗെർവിഗിന്റെ ചിത്രം 60 വർഷങ്ങളായി ലോകത്തെ കളിപ്പാട്ട വിപണി അടക്കിവാഴുന്ന ബാർബി ഡോളിനെ പ്രധാന കഥാപാത്രമാക്കിയുള്ളതും.
ഓപ്പൺഹൈമർ 'പുരുഷന്മാർക്ക് കാണാനുള്ളതാ'ണെന്നും ബാർബി 'സ്ത്രീകൾ കാണട്ടേ'യെന്നുമുള്ള ട്രോളുകളായിരുന്നു ക്ലാഷ് റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. എന്നാൽ ബാർബിയും ഓപ്പൺഹൈമറും തമ്മിൽ മത്സരിക്കാനുള്ള സിനിമകളേയല്ല. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ സമാന്തരമായ രണ്ടു കാഴ്ചകളാണ് ഇരു ചിത്രങ്ങളും. ബാർബിയുടെ ലോകം നിറങ്ങളുള്ളതാണെങ്കിൽ ഓപ്പൺഹൈമറിന്റേത് ചാരം മൂടിയതാണ്.
'എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഞാൻ ബാർബി കാണാൻ പോകുമെന്നത് നൂറു ശതമാനം ഉറപ്പാണ്. മികച്ച രണ്ടു ചലച്ചിത്ര പ്രവർത്തകരുടെ രണ്ട് അതിശയകരമായ ചിത്രങ്ങൾ ഒരേദിവസം പുറത്തിറങ്ങുന്നത് ഹോളിവുഡ് വ്യവസായത്തിനും പ്രേക്ഷകർക്കും ഒരുപോലെ നല്ലതാണെന്ന് ഞാൻ കരുതുന്നു,' ഓപ്പൺഹൈമറിനെ അവതരിപ്പിക്കുന്ന നടൻ കിലിയൻ മർഫി ഒരു അന്താരാഷ്ട്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വാർണർ ബ്രോസിന്റെ ബാർബിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
കഴിഞ്ഞ ആറര പതിറ്റാണ്ടായി ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ വിമർശനങ്ങൾക്ക് വിധേയമാകുന്ന കളിപ്പാട്ടമാണ് മാട്ടേലിന്റെ ബാർബി ഡോളുകൾ. സ്വർണ തലമുടിയുള്ള, നീല കണ്ണുകളും പിങ്കു നിറത്തിലെ ചുണ്ടുകളുമുള്ള സുന്ദരമായി വസ്ത്രം ധരിക്കുന്ന മുതിർന്ന സ്ത്രീകളാണ് അവർ. തന്റെ മകൾക്കായി റുത്ത് ഹാന്റ്ലർ ആദ്യമായി ബാർബിയെ നിർമ്മിച്ചപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല. ഓരോ മൂന്ന് സെക്കന്റിലും ഓരോ ബാർബി ഡോളുകൾ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകൾ.
ആദ്യ മനുഷ്യൻ ചന്ദ്രനിലെത്തും മുമ്പ് ബഹിരാകാശ സഞ്ചാരിയായ, ഏതും തൊഴിലും പെണ്ണിന് വഴങ്ങുമെന്ന് പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകിയ പാവകളായിരുന്നു ബാർബി ഡോളുകൾ. അങ്ങനെയൊക്കെ പറയുമ്പോഴും ഇതേ ബാർബി ഡോളുകൾ പെൺകുട്ടികൾക്കും സമൂഹത്തിനുമുണ്ടാക്കിയ ദോഷങ്ങൾ ചില്ലറയല്ല. ആൺകുട്ടികളുടെ നിറം നീലയാണെന്നും പെൺകുട്ടികൾക്ക് പിങ്ക് ആണ് നിറമെന്നും 'ജെൻഡർ സ്റ്റീരിയോടൈപ്പുകൾ' ഉണ്ടാക്കിയ, സ്ത്രീകളുടെ അഴകളവുകൾ ഇങ്ങനെയൊക്കെയാകണമെന്ന മിഥ്യാബോധം പെൺകുട്ടികൾക്കുമേൽ കെട്ടിവച്ചതിൻ്റെ പഴിയും വലിയൊരു ശതമാനം ഈ പാവകൾ പേറുന്നുണ്ട്. വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ശേഷം കാലങ്ങൾക്കിപ്പുറം ഹാന്റ്ലർ ബാർബിയുടെ നിറത്തിന്മേലും വംശത്തിന്മേലും തിരുത്തലുകൾക്ക് തയാറാകുന്നുണ്ട്. എന്നാൽ അപ്പോഴേക്കും സമൂഹത്തിന്മേൽ പലതും ഉറച്ചുപോയിരുന്നു.
ഇതേ ബാർബി സിനിമയാകുമ്പോൾ സംവിധായികയുടെ കസേരയിൽ ഗ്രെറ്റയാണെന്നതാണ് ബാർബിയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റുന്നത്. അതിരുകളില്ലാത്ത ബാർബിയുടെ പെൺലോകത്തുനിന്ന് യഥാർത്ഥ ലോകേത്തേയ്ക്ക് ഇറങ്ങിവരാൻ നിർബന്ധിക്കപ്പെടുന്ന സിനിമയിലെ ബാർബി പുരഷമേധാവിത്വമുള്ള ഈ സമൂഹത്തിൽ എന്തുചെയ്യുമെന്ന് സിനിമ കണ്ടറിയണം. ട്രെയ്ലറിന്റെ തുടക്കത്തിൽ ഹീൽസ് ധരിച്ചെത്തുന്ന ബാർബി ആ ചെരുപ്പ് അഴിച്ചുവയ്ക്കുമ്പോഴും കാലുകൾ നിലത്തുറയ്ക്കാതെ നിൽക്കും. ട്രെയ്ലറിന്റെ ഇടയിൽ അവളുടെ കാലുകൾ നിലത്തു പതിയുന്നുണ്ട്. യഥാർത്ഥ ലോകത്തെത്തുന്ന ബാർബി തന്റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്ന പുരുഷന്റെ മുഖത്ത് ആഞ്ഞിടിക്കുന്നുണ്ട്. ട്രെയ്ലറിലുടനീളം കാണുന്ന പിങ്ക് നിറത്തെ ഗ്രെറ്റ വിമർശനാത്മകമായി സമീപിക്കുമെന്നാണ് പ്രതീക്ഷ.
മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ സംവിധായികയാണ് ഗ്രെറ്റ ഗെർവിഗ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത 'ലേഡി ബേഡ്', പാട്രിയാർക്കിയെ പൊളിച്ചെഴുതുന്ന 'ലിറ്റിൽ വിമൺ' പോലുള്ള സിനിമകളുടെ സംവിധായിക ബാർബിയുടെ ലോകത്തെ എങ്ങനെ പൊളിച്ചെഴുതുമെന്നാണ് കണ്ടറിയേണ്ടത്.
ഓപ്പൺഹൈമറിൽ വിഎഫ്എക്സ് രംഗങ്ങള് ഇല്ലെന്നാണ് ക്രിസ്റ്റഫർ നോളൻ അടുത്തിടെ വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി ന്യൂക്ലിയർ സ്ഫോടനം യഥാർത്ഥമായി ചിത്രീകരിക്കുകയാണ് നോളൻ ചെയ്തത്. 1945ൽ ഓപ്പൺഹൈമറെന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ നടന്ന 'ട്രിനിറ്റി ടെസ്റ്റ്'(മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി വീണ്ടും സൃഷ്ടിച്ചത്. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ നോളൻ സിനിമയ്ക്കുണ്ട്. ഹൊയ്തെ വാൻ ഹൊയ്തെമയാണ് ഓപ്പൺഹൈമറിനായി ക്യാമറ ചലിപ്പിക്കുന്നത്. കിലിയൻ മർഫി, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമാണ്.
സാങ്കേതിക പ്രവർത്തകരുടെ കാര്യത്തിലും അഭിനേതാക്കളുടെ കാര്യത്തിലും ബജറ്റിന്റെ കാര്യത്തിലും ഓപ്പൺഹൈമറിന് പിന്നിലൊന്നുമല്ല ബാർബിയുള്ളത്. മാർഗരറ്റ് റോബി ബാർബിയായെത്തുമ്പോൾ നായകൻ കെൻ ആകുന്നത് റയാൻ ഗോസ്ലിങ്ങാണ്. 'ഓപ്പൺഹൈമർ' ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊല സൃഷ്ടിച്ച ആറ്റംബോംബിനെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന് ലോകമുറ്റുനോക്കുമ്പോൾ 'ബാർബി' പൊളിറ്റിക്കലായി എങ്ങനെ ബാർബിയുടെ ചരിത്രത്തെ അവതരിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്.