53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ച് നടൻ മോഹൻലാൽ. മികച്ച നടനായുള്ള മമ്മൂട്ടിയുടെ ആറാം പുരസ്കാര നേട്ടത്തിൽ ഇച്ചാക്ക എന്നു വിളിച്ച് ഏറ്റവും സ്നേഹത്തോടെയാണ് മോഹൻലാൽ അഭിനന്ദനമറിയിക്കുന്നത്. മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പേരെടുത്ത് താരം അഭിനന്ദനങ്ങൾ അറിയിച്ചു.
'കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും,' എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. മമ്മൂട്ടി ആറാം തവണ മികച്ച നടനായപ്പോൾ വിൻസി അലോഷ്യസിന്റെ ആദ്യ പുരസ്കാര നേട്ടമാണ് ഇത്തവണത്തേത്. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായത് 'അപ്പനി'ലെ അഭിനയത്തിന് അലൻസിയറും 'ന്നാ താൻ കേസ് കൊട്'ലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനുമാണ്. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറി പാനലിലെ മറ്റ് അംഗങ്ങൾ.
മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ, സി എസ് വെങ്കിടേശ്വരൻ, ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം, സാബു പ്രവദാസ്, പ്രത്യേക ജൂറി പരാമർശം: ബിശ്വജിത് എസ്, ഇരവരമ്പ്, റാഡിഷ്, വേട്ടപ്പട്ടികളും ഓട്ടക്കാരും, മികച്ച സംവിധായിക (സ്ത്രീ സിനിമ): ശ്രുതി ശരണ്യം, മികച്ച വിഎഫ്എക്എസ്: അനീഷ് ഡി, സുമേഷ് ഗോപാൽ (വഴക്ക്), ജനപ്രിയ സിനിമ: ന്നാ താൻ കേസ് കൊട്, മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90സ് കിഡ്സ്, മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ്: തല്ലുമാല, മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ഷോബി തിലകന് (പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക), മികച്ച ഡബ്ബിങ് (വനിത)- പൗളി വത്സണ്‍ (സൗദി വെള്ളക്ക), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ഭീഷ്മപർവം), മികച്ച ശബ്ദ മിശ്രണം: ബിപിൻ നായർ (ന്നാ താൻ കേസ് കൊട്), മികച്ച സിങ് സൗണ്ട്: വൈശാഖ് പി വി (അറിയിപ്പ്) കലാസംവിധായകന്‍: ജ്യോതിഷ് ശങ്കർ (ന്നാ താന്‍ കേസ് കൊട്), മികച്ച സംയോജകൻ: നിഷാദ് യൂസഫ് (തല്ലുമാല), മികച്ച പിന്നണി ഗായിക: മൃദുല വാര്യർ (19ആം നൂറ്റാണ്ട്), ഗായകൻ: കപിൽ കപിലൻ(പല്ലൊട്ടി 90സ് കിഡ്സ്), പശ്ചാത്തല സംഗീതം: ഡോണ്വിന്സന്റ് (ന്നാ താന്‍ കേസ് കൊട്), മികച്ച സംഗീത സംവിധായകന്: എം ജയചന്ദ്രൻ, ഗാന രചയിതാവ്: റഫീഖ് അഹമ്മദ് എന്നിങ്ങനെയാണ് പുരസ്കാര ജേതാക്കളുടെ പട്ടിക.