നേട്ടം കൊയ്ത് 'ന്നാ താൻ കേസ് കൊട്'; ജനപ്രിയ ചിത്രമുൾപ്പെടെ 7 പുരസ്കാരങ്ങൾ

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധായകൻ

dot image

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നേട്ടം കൊയ്ത് 'ന്നാ താൻ കേസ് കൊട്'. ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ്, മികച്ച ശബ്ദമിശ്രണം, കലാസംവിധായകൻ, പശ്ചാത്തല സംഗീതം എന്നിങ്ങനെ 7 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ അഴിമതിയും ചുവപ്പുനാടകളും എങ്ങനെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കാണിച്ചു തരുന്ന ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ന്നാ താൻ കേസ് കൊട്'. കൊഴുമ്മൽ രാജീവൻ എന്ന കള്ളന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിക്കുള്ളിലും പുറത്തും പോരാടുന്ന കഥയാണ് ന്നാ താൻ കേസ് കൊട്. ഒരു കുഴി വരുത്തുന്ന പ്രശ്നം കേരളമൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ വിഷയമായി മാറുകയാണ്.

കുഞ്ചാക്കോ ബോബനും മജിസ്ട്രേറ്റായി എത്തിയ നടനും പൊലീസുകാരും വക്കീലന്മാരും മുതൽ സ്ക്രീനിൽ വന്നുപോവുന്ന വളരെ ചെറിയ കഥാപാത്രങ്ങൾ വരെ കാഴ്ച വയ്ക്കുന്ന സ്വാഭാവികമായ അഭിനയമാണ് സിനിമയുടെ ഭംഗി. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ഗായത്രി ശങ്കറും തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പുതുമുഖങ്ങളെയും ചിത്രത്തിൽ കാണാം. ഇത്രയും വൈവിധ്യമാർന്ന മുഖങ്ങളെ കണ്ടെത്തി സ്ക്രീനിലെത്തിച്ചതിന് സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറായ രാജേഷ് മാധവനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ആൻഡ്രോയിഡ് കുഞ്ഞപ്പനും കനകം കാമിനി കലഹവും കഴിഞ്ഞ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ തന്റെ ക്രാഫ്റ്റിനെ കുറച്ചുകൂടി ബ്രില്ല്യന്റായി ഉപയോഗിച്ചിരിക്കുകയാണ് സംവിധായകൻ രതീഷ്. സ്ക്രീനിൽ നിശബ്ദമായി കാണിച്ചുപോവുന്ന ചില വിഷ്വലുകൾ പോലും ഓർത്തോർത്ത് ചിരിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നുണ്ട്. സിനിമയിലെ കാലത്തെ കാണിക്കാൻ പെട്രോൾ വിലയെ ഒരു സൂചകമായി ഉപയോഗിച്ച രീതിയെല്ലാം ചിരിയുണർത്തും. കഥാഗതിയുടെ വികാസം, കഥാപാത്രങ്ങളുടെ രൂപീകരണം, തിരക്കഥ, സ്വാഭാവികമായ സംഭാഷണം എന്നിവയെല്ലാം ചിത്രത്തിന്റെ പ്ലസ് ആണ്. ആദ്യ പകുതി വച്ചുനോക്കുമ്പോൾ രണ്ടാം പകുതിയിൽ അൽപ്പം ലാഗ് ഫീൽ ചെയ്യുന്നുണ്ട് എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്.

എസ് ടി കെ ഫ്രെയിംസിന്റെ ബാനറില് സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില് കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാകേഷ് ഹരിദാസ് ഒരുക്കിയ ദൃശ്യങ്ങളും വൈശാഖ് സുഗുണന്റെ മ്യൂസിക്കും മികച്ചുനിൽക്കുന്നു.

dot image
To advertise here,contact us
dot image