ലോക പ്രേക്ഷകർ കാത്തിരുന്ന രണ്ട് ഹോളിവുഡ് സിനിമകളാണ് കഴിഞ്ഞ ദിവസം ക്ലാഷ് റിലീസായി ആഗോളതലത്തിൽ പുറത്തിറങ്ങിയ ബാർബിയും ഓപ്പൺഹൈമറും. രണ്ട് സിനിമകളുടെയും റിലീസ് പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചകളും ട്രോളുകളും ഏത് സിനിമ ആദ്യം കാണണം എന്നുള്ള ആശയക്കുഴപ്പമടക്കം ഉയര്ത്തി. ഇരു ചിത്രങ്ങളും ആദ്യ ദിനം പിന്നിട്ടപ്പോൾ കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് ബാർബിയാണ് എന്നാണ് റിപ്പോർട്ട്.
ഇന്ത്യ, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ഇരു ചിത്രങ്ങളും വെള്ളിയാഴ്ച റിലീസ് ചെയ്തപ്പോൾ മറ്റ് 51 രാജ്യങ്ങളില് വ്യാഴാഴ്ചയാണ് പ്രദര്ശനം ആരംഭിച്ചത്. 51 രാജ്യങ്ങളില് നിന്ന് മാത്രം വ്യാഴാഴ്ച ബാര്ബി നേടിയത് 41.4 മില്യണ് ഡോളര് (339 കോടി) ആണെന്നാണ് റിപ്പോർട്ട്. എന്നാൽ 15.7 മില്യണ് ഡോളര് (129 കോടി രൂപ) മാത്രമാണ് ഓപ്പൺഹൈമറിന് നേടാനായത്. ഇത് ബാർബി നേടിയതിന്റെ പകുതിയിലും താഴെയാണ്.
മികച്ച പ്രതികരണമാണ് ഇരു ചിത്രങ്ങൾക്കും എല്ലാ ഭാഗത്തു നിന്നും ലഭിക്കുന്നത്. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നോളൻ ചിത്രമായ ഓപ്പൺഹൈമർ. 60 വർഷങ്ങളായി ലോകത്തിലെ കളിപ്പാട്ട വിപണി അടക്കിവാഴുന്ന ഗ്രെറ്റ ഗെർവിഗിന്റെ ബാർബി ഡോളിനെ പ്രധാന കഥാപാത്രമാക്കിയുള്ളതാണ് ബാർബി. വ്യത്യസ്ത കഥാ പശ്ചാത്തലവും കഥയും ആയതിനാൽ രണ്ട് സിനിമകളെയും തരതമ്യം ചെയ്യാൻ സാധിക്കില്ല എന്നും മത്സര സിനിമകളായി പരിഗണിക്കാൻ കഴിയില്ല എന്നും സോഷ്യൽ മീഡിയയിൽ പ്രതികരണമെത്തിയിരുന്നു. വരും ദിവസങ്ങളിൽ ഓപ്പൺഹൈമർ ആഗോള ബോക്സ് ഓഫീസ് പിടിച്ചടക്കുമെന്നാണ് റിപ്പോർട്ട്.