യു എസ് ബോക്സ് ഓഫീസിന് റെക്കോർഡ് നേട്ടവുമായി മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് 'ബാർബി'. ലോക പ്രേക്ഷകരെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ബാർബി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. എതിർ വശത്ത് ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമറി'നൊപ്പം ഏറ്റുമുട്ടിയാണ് ബാർബി ബോക്സ് ഓഫീസിലും നിറം സൃഷ്ടിക്കുന്നത്. കഥാപശ്ചാത്തലം കൊണ്ട് രണ്ട് തലങ്ങളിൽ നിൽക്കുന്ന സിനിമയാണ് ബാർബിയും ഓപ്പൺഹൈമറും. എന്നിരുന്നാലും ബാർബിയുടെ നേട്ടം തെല്ലെങ്കിലും ക്ഷീണം നോളൻ ചിത്രത്തിനുണ്ടാക്കുന്നുണ്ട്.
വെറൈറ്റിയുടെ കണക്കനുസരിച്ച് യു എസ് ബോക്സ് ഓഫീസില് ആദ്യ രണ്ട് ദിനങ്ങളില് നിന്ന് ബാര്ബി സ്വന്തമാക്കിയിരിക്കുന്നത് 1270.8 കോടി (155 മില്യണ് ഡോളര് ) രൂപയാണ്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് (656 കോടി രൂപ) ഓപ്പൺഹൈമറിന് നേടാനായത്. ഇരുചിത്രങ്ങളും ചേര്ന്ന് രണ്ട് ദിവസം കൊണ്ട് യുഎസ് ബോക്സ് ഓഫീസിന് നൽകിയതാകട്ടെ 1927 കോടി രൂപ.
സാധാരണ നോളൻ ചിത്രങ്ങൾ പോലെ ഉദ്വേഗജനകമായ സീനകളോ സസ്പെൻസുകളോ ഉള്ള സിനിമയല്ല ഓപ്പൺഹൈമർ. ബയോപിക് ആയതുകൊണ്ട് സംഭാഷണങ്ങൾക്കാണ് ചിത്രം പ്രാധാന്യം കൊടുക്കുന്നത്. അതിനാൽ തന്നെ എല്ലാ പ്രേക്ഷകർക്കും ഓപ്പൺഹൈമർ ഇഷ്ടപ്പെടണമെന്നില്ല. അതേസമയം, പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നതായ നിരവധി ഘടകങ്ങൾ ബാർബിയിലുണ്ട്. ഇതാവാം പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണം.