മലയാളിത്തിന്റെ വാനമ്പാടി 60-ന്റെ നിറവിലാണ്. പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 'ശോഭനമായ, വിശേഷങ്ങളാൽ നിറഞ്ഞ ജീവിതം ആശംസിക്കുന്നു'വെന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കുറിച്ചത്. കെ എസ് ചിത്രയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളികൾ. നിരവധിപേരാണ് ഗായികയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളറിയിക്കുന്നത്.
Birthday greetings to @KSChithra. Wishing you an eventful and illustrious life ahead. pic.twitter.com/ppbPw8TL7e
— Pinarayi Vijayan (@pinarayivijayan) July 27, 2023
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ വാനമ്പാടിക്ക് ജന്മദിനാശംസകൾ. മലയാളിയുടെ സംഗീതലോകത്തെ സൃഷ്ടിക്കുന്നതിൽ അനുപമമായ പങ്കാണ് ചിത്രയ്ക്കുള്ളത്. രാജ്യമാകെ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കലാകാരിയായി വളർന്ന ചിത്ര കേരളത്തിന്റെ അഭിമാനമാണ്. ഇനിയും തന്റെ സംഗീതസപര്യ ഏറ്റവു മികച്ച രീതിയിൽ തുടരാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ചിത്രയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു, ഫേസ്ബുക്കിൽ കുറിച്ചു.
1968 ല് ആകാശവാണിയിലൂടെയാണ് ചിത്രയെ ആദ്യമായി മലയാളികൾ കേട്ടു തുടങ്ങിയത്. അന്ന് അഞ്ചര വയസ് മാത്രമായിരുന്നു ഗായികയുടെ പ്രായം. എണ്പതുകളോടെ ചിത്രഗീതങ്ങള്ക്ക് ഇടവേളകളില്ലാതെയായി. മലയാളത്തിന്റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. 16 തവണയാണ് കേരള സര്ക്കാരിന്റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്.
11 തവണ ആന്ധ്രപ്രദേശിന്റെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിന്റെയും മൂന്ന് തവണ കര്ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും മികച്ച ഗായികയ്ക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തിയിട്ടുണ്ട്.