പ്രശസ്ത ഐറിഷ് പോപ്പ് ഗായിക സിനേഡ് ഓ കോന്നർ (56) അന്തരിച്ചു. ഗായികയുടെ കുടുംബമാണ് ബുധനാഴ്ച വൈകുന്നേരം മരണവിവരം അറിയിച്ചത്.1990-ൽ ''നത്തിങ് കംപയേഴ്സ് ടു യു...'' എന്ന സിംഗിൾ ചാർട്ടിലൂടെ ലോക പ്രശസ്തയായ ഗായികയാണ് സിനേഡ് ഓ കോന്നർ. ഇതുകൂടാതെ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഇടയിൽ സ്ഥാനം നേടാൻ കഴിഞ്ഞ ഗായിക ഒരു ആക്ടിവിസ്റ്റ് കൂടിയാണ്.
1987-ൽ പുറത്തിറങ്ങിയ, ആദ്യ ആൽബം 'ലയൺ ആൻഡ് കോബ്ര' അമേരിക്കയിലും ബ്രിട്ടനിലും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. ഇതിന് ശേഷമാണ് ലോകത്താകമാനം ഹിറ്റ്ലിസ്റ്റിൽ ഒന്നാമതെത്തിയ 'നത്തിങ് കംപയേഴ്സ് ടു യു' താരം പാടുന്നത്. 2018-ൽ ഇസ്ലാം മതവും ഷുഹാദ എന്ന പേര് സ്വീകരിച്ചു. എന്നാൽ പഴയ പേരിൽത്തന്നെയാണ് സംഗീതരംഗത്ത് തുടർന്നത്.
സിനേഡിന്റെ മകൻ ഷെയ്ൻ (17) ആത്മഹത്യ ചെയ്ത് 18 മാസങ്ങൾക്ക് ശേഷമാണ് ഗായികയുടെ മരണം. മൂന്ന് കുട്ടികളാണ് സിനേഡിന്. താൻ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകളിലും അഭിമുഖങ്ങളിലും താരം രേഖപ്പെടുത്തിയിട്ടുണ്ട്.