'ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി'; പിറന്നാളാശംസയറിയിച്ച് വി ഡി സതീശൻ

റീൽസ് വീഡയോ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്

dot image

കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസകളറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഊതിക്കാച്ചിയ സ്വർണം പോലെ തിളക്കമുള്ള ശബ്ദമാണ് ഗായികയുടേതെന്നും ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ് ഗായികയ്ക്കുണ്ടെന്നും വി ഡി സതീശൻ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. ഗായികയുടെ റീൽസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.

വി ഡി സതീശന്റെ കുറിപ്പ്

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ എസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചിയ സ്വർണം പോലെ തിളക്കമുള്ള ശബ്ദം.

ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്... മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നും വിധമുള്ള ആലാപനം... സാധനയുടെ നിറവ്... പൂർണതയ്ക്ക് വേണ്ടിയുള്ള ആത്മ സമർപ്പണം... ഇതെല്ലാം ചേർന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ടു പോലെ അത് നമ്മെ ആഹ്ളാദിപ്പിക്കും.ഒരു കടലാഴം പോലെ സംഗീതത്തിൻ്റെ അഗാധതയിലേക്ക് കൊണ്ടു പോകും. സ്വർണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും.

നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി. മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us