ക്ലാഷ് ലാൻഡിങ്ങോടെ ആഗോളതലത്തിൽ റിലീസിനിറങ്ങിയ രണ്ട് ചിത്രങ്ങളാണ് 'ബാർബി'യും 'ഓപ്പൺഹൈമറും'. ആദ്യ വാരത്തിൽ നോളൻ സിനിമ ബാർബിയോട് മത്സരിക്കാൻ പ്രയാസപ്പെട്ടുവെങ്കിലും ഓപ്പൺഹൈമറിന് ഉണ്ടായ വിവാദവും നിരൂപകശ്രദ്ധയും സിനിമയ്ക്ക് കളക്ഷൻ കൂടാൻ കാരണമായിരുന്നു. ഇപ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തു വരുമ്പോൾ ഇരു ചിത്രങ്ങളും ഒത്തുചേർന്ന് 100 കോടി തികച്ചിരിക്കുകയാണ്.
ബാർബി ആദ്യ വാരം 27.5 കോടി നേടിയപ്പോൾ, ഓപ്പൺഹൈമർ ഇന്ത്യയിൽ വാരിയത് 73.15 കോടിയാണ്. ഇതോടെ രണ്ട് ചിത്രങ്ങളും ഒരുമിച്ച് 100.6 കോടി നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. സാക്നിൽക് റിപ്പോർട്ട് അനുസരിച്ച്, ഓപ്പൺഹൈമർ ബോക്സ് ഓഫീസിൽ ആദ്യ ആറ് ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യയിൽ 67.9 കോടി രൂപ നേടുകയും ചെയ്തു. ഇന്ത്യയിൽ റിലീസ് ചെയ്തതിന്റെ ഏഴാം ദിവസമായ വ്യാഴാഴ്ച, ചിത്രം 5.25 കോടി നേടി. ഇതോടെയാണ് ആദ്യ ആഴ്ചയിലെ കളക്ഷൻ 73.15 കോടിയായത്.
അതേസമയം, ബാർബി ഏഴാം ദിവസമായ ഇന്നലെ മാത്രം ഇന്ത്യയിൽ രണ്ട് കോടി നേടി. ഇതോടെ ഒരാഴ്ച കളക്ഷൻ 27.5 കോടിയായി. ഓപ്പൺഹൈമർ ക്രിസ്റ്റഫർ നോളന്റെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാവുകയാണ്. ആദ്യ ദിനങ്ങളിൽ ഗ്രെറ്റ ഗെർവിഗിന്റെ ബാർബി ലോകശ്രദ്ധയാകർഷിച്ചപ്പോൾ ഓപ്പൺഹൈമർ പിന്നിലേക്ക് പോയിരുന്നു. പിന്നീടാണ് നോളൻ ചിത്രത്തിന് ട്രാക്ക് പിടിക്കാനായത്.