അബുദാബി: ഹോളിവുഡ് ചിത്രമായ 'ബാര്ബി'ക്ക് യുഎഇ മീഡിയ കൗണ്സിലിന്റെ പ്രദര്ശനാനുമതി. കൗണ്സിലിന്റെ മാനദണ്ഡങ്ങള്ക്ക് അനുസരിച്ച് ചിത്രത്തില് മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെയാണ് റിലീസിന് അനുമതി ലഭിച്ചത്. ജൂലൈ 21നായിരുന്നു ലോകവ്യാപകമായി ബാർബി റിലീസിനെത്തിയത്.
ആഗസ്റ്റ് 31ന് ചിത്രം യുഎഇയിലെ മുഴുവൻ തിയേറ്ററുകളിലും പ്രദര്ശനത്തിന് എത്തിക്കുന്നതിനുളള നടപടികള് വിതരണക്കാര് ആരംഭിച്ചു കഴിഞ്ഞു. അതേസമയം ചിത്രത്തിന് പ്രദര്ശനാനുമതി വൈകിയതിന്റെ കാരണം മീഡിയ കൗണ്സില് വ്യക്തമാക്കിയിട്ടില്ല.
ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ട ഗ്രെറ്റ ഗെര്വിഗ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോര്ഡുകള് തകര്ത്ത് മുന്നേറുകയാണ്. യുഎഇയിൽ റിലീസ് വൈകിയതോടെ മറ്റുരാജ്യങ്ങളിൽ പോയി സിനിമ കണ്ട പ്രേക്ഷകരും നിരവധിയുണ്ട്. പിങ്ക് വസ്ത്രങ്ങള് ധരിച്ച് പലരും അവരുടെ 'ബാര്ബിക്കാലത്തെ' കുറിച്ചുളള ഓര്മകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. യുഎഇയിലെ വിവിധ ഹോട്ടലുകള് അവരുടെ മെനുവില് പിങ്ക് വിഭവങ്ങള് അവതരിപ്പിക്കുന്ന കാഴ്ചയുമുണ്ടായി.
ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്ബി പാവകളുടെ വില്പ്പനയിൽ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെമിനിസം അടക്കമുള്ള വിഷയങ്ങള് സിനിമ ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമറി'നൊപ്പമായിരുന്നു ബാർബി തിയേറ്ററുകളിലെത്തിയത്. 827 കോടിക്കടുത്താണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ.