ഹിരോഷിമ പൊള്ളിക്കുമ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമർ' എന്ന ഹോളിവുഡ് ചിത്രം. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റോബര്ട്ട് ജെ ഓപ്പണ്ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഞാനിപ്പോൾ മരണമായിരിക്കുന്നു, ലോകങ്ങളെ മുഴുവൻ നശിപ്പിക്കുന്നയാൾ, തന്റെ ഇഷ്ട ഗ്രന്ഥമായ ഭഗവത്ഗീതയിൽ നിന്ന് ഓപ്പൺഹൈമർ കടമെടുത്ത വരികളാണിത്. ലോകം ഇന്നേവരെ കണ്ടതിൽ ഏറ്റവും വിനാശകാരിയായ രണ്ടാം ലോക മഹയുദ്ധത്തെ കുറിച്ച് ആലോചിക്കുമ്പോൾ, ജപ്പാനെ അടിയറവു പറയിപ്പിച്ച ആറ്റം ബോംബുകൾ അമേരിക്കയ്ക്ക് വേണ്ടി നിർമിച്ച റോബർട്ട് ഓപ്പൺഹൈമറെ മറക്കാൻ സാധിക്കില്ല.
ഓപ്പൺഹൈമറിന്റെ ജീവിതവും അദ്ദേഹത്തിന്റെ മാൻഹാറ്റൻ പ്രൊജക്ടുമാണ് ഈ നോളൻ ചിത്രത്തിന്റെ പ്രമേയം. ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയിലായിരുന്നു ആദ്യ ആറ്റംബോംബ് വികസിപ്പിച്ചത്. ഹിരോഷിമ, നാഗസാക്കി എന്നീ ജപ്പാൻ നഗരങ്ങളെ ഒറ്റ നിമിഷത്തിലാണ് ലിറ്റിൽ ബോയ്, ഫാറ്റ്മാൻ എന്ന രണ്ട് ബോംബുകൾ ഇല്ലാതാക്കിയത്.
ജപ്പാൻ നേരിട്ട ദുരന്തത്തിന് പിന്നിലെ കഥ ഓപ്പൺഹൈമറുടെ കാഴ്ച്ചപ്പാടിലൂടെ മനോഹരമായി നോളൻ ആവിഷ്കരിച്ചു. ഓപ്പൺഹൈമർ നടത്തിയ ആണവ സ്ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകൾ ഉൾപ്പെടെ നിരവധി അമ്പരിപ്പിക്കുന്ന സീനുകൾ സിനിമയുടെ തനിമ ഒട്ടും ചോരാതെ നോളൻ ദൃശ്യവത്കരിച്ചു.
സിനിമയിൽ ഓപ്പണ്ഹൈമറായി വേഷമിട്ടത് കിലിയന് മര്ഫിയാണ്. മൂന്ന് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ജപ്പാനിൽ സിനിമ നിരോധിച്ചെങ്കിലും ഇന്ത്യയിൽ നിന്നുൾപ്പടെ നിരൂപക പ്രശംസയും മികച്ച കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന ചിത്രത്തിലെ ഒരു രംഗം ഇന്ത്യയിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങൾ സിനിമയെ ബാധിച്ചില്ല എന്നുമാത്രമല്ല വിവാദം സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ സമ്മാനിക്കുകയായിരുന്നു.100 കോടിയിൽ അധികം രൂപയാണ് സിനിമ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആഗോള തലത്തിൽ 400 മില്യൺ ഡോളറാണ് ഇതുവരെയുള്ള കണക്ക്. നോളന്റെ ഓപ്പൺഹൈമർ, രണ്ടാം ലോക മഹായുദ്ധം ലോക പ്രേക്ഷകരുടെ നെഞ്ചിൽ കോറിയിടുന്ന മറ്റൊരു ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ്.