'ബണ്ണിയെ എനിക്കിഷ്ടമാണ്, പക്ഷേ പുഷ്പയല്ല കൊത്ത'; സാദൃശ്യങ്ങൾ യാദൃശ്ചികമെന്ന് ദുൽഖർ സൽമാൻ

തന്റെ കരിയറിൽ ഏറ്റവും വലിയ ക്യാൻവാസിൽ ആണ് കൊത്ത ഒരുങ്ങുന്നതെന്ന് ദുൽഖർ മുമ്പ് പറഞ്ഞിരുന്നു

dot image

ദുൽഖർ സൽമാന്റെ കരിയറിൽ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരമുള്ളത്. ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങൾ അല്ലു അർജുൻ ചിത്രം 'പുഷ്പ'യുമായി സാമ്യം പുലർത്തുന്നതായ നിരീക്ഷണം പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൊത്തയ്ക്ക് പുഷ്പയുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദുൽഖർ സൽമാൻ.

കൊത്തയുടെ ട്രെയ്ലർ ത്രില്ലിങ് ആണെന്നും ദുൽഖറിന്റെ റൗഡി കഥാപാത്രത്തിന് പുഷ്പയുമായി സാമ്യം തോന്നി എന്നുമാണ് അവതാരക പറഞ്ഞത്. ചില ഡയലോഗുകളിലും താരത്തിന്റെ ചേഷ്ടകളിലും ഈ സാമ്യമുണ്ടെന്ന് അവർ നിരീക്ഷിച്ചു. ആരെയും അനുകരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നാണ് ദുൽഖറിന്റെ മറുപടി.

'ഒരു അഭിനേതാവ് എന്ന നിലയിൽ ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതൽ ഞങ്ങൾ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്റ്റർ സ്കെച്ച് പൂർത്തിയാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങൾക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഒരു കോംപ്ലിമെൻറ് ആയാണ് ഞാൻ കാണുന്നത്. പക്ഷേ ഞങ്ങൾ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുകയാണ്,' ദുൽഖർ പറഞ്ഞു.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. മാസ് എന്റർടെയ്നർ ഴോണറിലുള്ളതാണ് ചിത്രം.

Story Highlights: dulquer salmaan about King of Kothas resemblance with Allu Arjun starrer Pushpa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us