ഓണം റിലീസുകളില് ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് ദുല്ഖര് സല്മാന് നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വലിയ കാന്വാസിലാണ് ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്തു വന്നതു മുതൽ ഉയർന്ന ഹൈപ്പിലാണ് ചിത്രമുള്ളത്. ഇത് തന്നെ ഭയപ്പെടുത്തുന്നു എന്ന് പറയുകയാണ് ദുൽഖർ സൽമാൻ.
കൊത്തയ്ക്കൊപ്പമുള്ള തന്റെയും സംഘത്തിന്റെയും യാത്രയെക്കുറിച്ച് കൊച്ചിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് വിശദീകരിക്കുകയായിരുന്നു താരം. പ്രേക്ഷകര് ഇതൊരു മാസ് മസാല പടം മാത്രമായി കാണുമോ എന്ന് തനിക്ക് പേടിയുണ്ടെന്നാണ് ദുല്ഖര് പറഞ്ഞത്. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസ് ആയതുമുതൽ ഉണ്ടായ ഹൈപ്പ് പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നും ലഭിക്കുന്ന സ്വീകാര്യത തന്നെ പേടിപ്പെടുത്തുകയാണെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
ദുല്ഖറിന്റെ വാക്കുകള്
ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു ലൈഫ്, എനര്ജി ഒക്കെ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യത്തെ ഒരു പോസ്റ്റര് റിലീസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരില് നിന്ന് ലഭിച്ച ഒരു സ്നേഹവും സ്വീകാര്യതയുമുണ്ട്. അത് മലയാളത്തില് നിന്നും ഇതരഭാഷകളില് നിന്നും ലഭിച്ചു. ഹൈപ്പ് വളരുന്നതിനനുസരിച്ച് പിന്നിലുള്ള പ്രയത്നം ഞങ്ങളും വര്ധിപ്പിച്ചു.
വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള് ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ആ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന് ചെയ്യാന് പറ്റില്ല. ആദ്യത്തെ പോസ്റ്റര് കയറിയപ്പോള് തന്നെ ഞങ്ങള്ക്ക് ആര്ക്കും ശരിക്ക് മനസിലായില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അപ്പോള് മുതലേ ഒരു ഉത്തരവാദിത്തം തോന്നി എല്ലാവര്ക്കും. ഒരു പേടി തോന്നി. എവിടെ പ്രൊമോട്ട് ചെയ്യാന് പോയാലും അവിടുത്തെ മീഡിയയ്ക്കും പ്രേക്ഷകര്ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്ക്ക് അത് കിട്ടുമ്പോള് എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
ബോംബെയിലെ ആവേശം കണ്ടപ്പോള് എനിക്കുതന്നെ വിശ്വസിക്കാന് പറ്റിയില്ല. എന്റെ ഒരു പേടി ആളുകള് ഇതൊരു മാസ് മസാല പടം മാത്രമായി കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോള് അതില് എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്.
Story Highlights: Dulquer salmaan about King Of Kotha's hype