69ാ-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രം 'ഹോം' തലയുയർത്തി നിൽക്കുന്നത് ഒരു മധുരപ്രതികാരത്തിന്റെ ചിരിയോടെയാണ്. 2021-ലെ സംസ്ഥാന പുരസ്കാര പട്ടികയിൽ പരാമർശിക്കാതെ പോയ ചിത്രത്തെയാണ് രാജ്യം ആദരിച്ചിരിക്കുന്നത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും പുരസ്കാരം ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല ഹോം മികച്ച ചിത്രമോ മികച്ച ജനപ്രിയ ചിത്രമോ ആകുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ ചിത്രത്തെ ഒരിടത്തുപോലും പരിഗണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.
സോഷ്യൽ മീഡിയയിലും സിനിമാ രംഗത്തും വ്യാപകമായ പ്രതിഷേധത്തിന് കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാര നിർണയം വഴിവെച്ചിരുന്നു. ജനപ്രിയ ചിത്രമെന്ന നിലയിലും മികച്ച സിനിമ എന്ന നിലയിലും എന്തുകൊണ്ടും ഹോമിന് പുരസ്കാരം അർഹതപ്പെട്ടതാണെന്നുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നില്ല, സിനിമയുടെ നിർമ്മാതാവുമായി ബന്ധപ്പെട്ട പ്രശ്നമാകാം ചിത്രത്തെ തഴഞ്ഞത് എന്നതടക്കമുള്ള അഭിപ്രായങ്ങളും എത്തി. ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റുചെയ്താൽ എല്ലാവരെയും അതിന് ശിക്ഷിക്കണോ എന്നായിരുന്നു നടൻ ഇന്ദ്രൻസ് പ്രതികരിച്ചത്. തന്റെ സിനിമയെയും ഇന്ദ്രൻസ് ഉൾപ്പടെയുള്ള താരങ്ങളെയും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസും പ്രതികരിച്ചു.
'ഹോമി'ന് അംഗീകാരം നൽകാത്തതിൽ സിനിമ-സാംസ്കാരിക ലോകത്ത് നിന്നും നിരവധി പേരും എതിർപ്പറിയിച്ചു. സിനിമ പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനവും ഉള്ളടക്കത്തിന്റെ പ്രാധാന്യവും ഇന്ദ്രൻസിന്റെ പ്രകടനവുമൊക്കെയായിരുന്നു ഇതിന് കാരണം. സംസ്ഥാന പുരസ്കാരം ചിത്രത്തെ തിരസ്കരിച്ചുവെങ്കിലും മലയാളി പ്രേക്ഷകർ ഹോമിന് മനസ് കൊണ്ട് അംഗീകാരം നൽകിയിരുന്നു.
ഇപ്പോൾ ദേശീയ പുരസ്കാര നിർണയത്തിൽ ഇരട്ടി മധുരവുമായി ഹോം തിളങ്ങുമ്പോൾ കാലം കരുതിവെച്ച അംഗീകരമെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. മഞ്ജു പിള്ള കുട്ടിയമ്മ എന്ന വേഷത്തിലും മികച്ചു നിന്നു. ഒലിവർ ട്വിസ്റ്റിന്റെ വീടിന്റെ കഥയാണ് ഹോം. 'ഞോണ്ടി ഞോണ്ടി വിളിക്കണ' ഒരു ഫോൺ കഥയുടെ പ്രധാന താരമാകുമ്പോൾ സോഷ്യൽ മീഡിയ ജീവിതം നയിക്കുന്ന പുതുതലമുറയ്ക്ക് മാതാപിതാക്കളുമായുള്ള തുറന്ന സംസാരങ്ങളും ചേർത്തുപിടിക്കലുകളും എത്ര പ്രധാനപ്പെട്ടതാണെന്ന് കാണിച്ചു തരുന്നു. സ്മാർട്ട്ഫോൺ മാറ്റിവെച്ച് അച്ഛനെയും അമ്മയേയും ഒന്നു കെട്ടിപ്പിടിക്കാനും ഒരുമിച്ചിരിക്കാനും ഉള്ളുകൊണ്ട് തോന്നിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം കൂടിയാണ് ഹോം.