ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷമാണ് അറ്റ്ലീ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഒരു ഫാൻ ബോയിയിൽ നിന്ന് പ്രിയ താരത്തിന്റെ സംവിധായകനായതിന്റെ സന്തോഷവും ആകാംക്ഷയുമെല്ലാം അറ്റ്ലീയ്ക്കുണ്ട്. വർഷങ്ങൾക്ക് മുൻപ് താൻ ഷാരൂഖിന്റെ വീടിന് മുന്നിൽ നിന്നെടുത്ത ചിത്രത്തെക്കുറിച്ചും പിന്നീട് തന്റെ സ്വപ്നം സാധ്യമായതിനെ കുറിച്ചും അറ്റ്ലീ ജവാന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'13 വര്ഷം മുന്പ് 'യന്തിരന്' സിനിമയ്ക്കായി ഒരിക്കല് മുംബൈയില് പോയി. ഷാരൂഖ് സാര് താമസിക്കുന്ന വീടിന് സമീപത്തായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഒപ്പമുള്ള ഒരാൾ പറഞ്ഞു, ഈ ഗേറ്റ് കണ്ടോ, ഇത് ഷാരൂഖ് സാറിന്റെ വീടാണ്. നീ അതിന് മുന്നിൽ നിൽക്ക്, ഒരു ഫോട്ടോ എടുത്തു തരാം എന്ന്. അന്ന് ആ ഗേറ്റിന് മുന്നിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ എന്നെ കാണണമെന്ന് പറഞ്ഞു. ആ ഗേറ്റുകൾ എനിക്ക് മുന്നിൽ തുറന്നു. എല്ലാ ആദരവോടും കൂടി അദ്ദേഹം എന്നെ സ്വീകരിച്ചു. കൊവിഡ് സമയമായിട്ട് പോലും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണവും അവർ ഏറ്റെടുത്തു. മൂന്ന് വർഷത്തെ എന്റെ സമർപ്പണമാണ് ജവാൻ', അറ്റ്ലീ പറഞ്ഞു.
ജവാന്റെ റിലീസിനോടനുബന്ധിച്ച് വമ്പൻ പ്രൊമോഷൻ പരിപാടികളാണ് രാജ്യമെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം മികച്ച പ്രീ-ബുക്കിങാണ് ചിത്രത്തിന്. പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. 2400 രൂപ വരെയാണ് പല തിയേറ്ററും ഈടാക്കുന്നത്. ആദ്യദിനം ആഗോളതലത്തിൽ ജവാൻ 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെയെങ്കിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാൻ. സെപ്റ്റംബർ ഏഴിനാണ് ജവാൻ റിലീസ്.