ബോളിവുഡിലെ തുടരെ തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പഠാനിലൂടെ ചരിത്ര വിജയവുമായി വന്ന കിംഗ് ഖാന്റെ തേരോട്ടം തുടരുകയാണ്. അറ്റ്ലീ ചിത്രം ജവാന് ലോകമെമ്പാടും നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രമിറങ്ങി മൂന്നാം ദിവസം പിന്നിടുമ്പോൾ ജവാൻ ആഗോളതലത്തിൽ 300 കോടി തിളക്കത്തിലാണ്. ഷാരൂഖിന്റെ തന്നെ പഠാനെയും സണ്ണി ഡിയോളിന്റെ ഗദർ 2-നെയും മറികടന്നുകൊണ്ടാണ് ജവാന്റെ നേട്ടം.
75 കോടി കളക്ഷന് എന്ന ചരിത്ര വിജയം നേടിക്കൊണ്ടാണ് ജവാൻ ആദ്യ ദിനം ബോക്സ് ഓഫീസ് തൂഫാനാക്കിയത്. രണ്ടാം ദിനം 53 കോടിയും ചിത്രം സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ജവാൻ ഇതുവരെ നേടിയത് 202.73 കോടിയാണ്. മൂന്നാം ദിനം ബോളിവുഡിൽ 66 കോടിയും തമിഴിൽ അഞ്ച് കോടിയും ജവാൻ നേടി. തെലുങ്ക് ബോക്സ് ഓഫീസിൽ 3.5 കോടിയാണ് ജവാന്റെ ഇതുവരെയുള്ള കളക്ഷൻ.
ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ കണക്ക് പ്രകാരം 2023-ലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ. ജവാൻ ആദ്യ ദിനം നേടിയത് പത്താനും ഗദർ 2നും മൂന്നും അഞ്ചും ദിവസങ്ങളെടുത്താണ് സ്വന്തമാക്കിയത്. ഈവനിംഗ് ഷോകളിൽ, ജവാൻ 71.05% ഒക്യുപെൻസിയാണുള്ളതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. നൈറ്റ് ഷോകളിൽ ഇത് 81.60% ആയി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസിനെത്തിയത്. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയാമണി എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ കാമിയോ വേഷം ചെയ്യുന്നുണ്ട്.