ഇന്ത്യൻ ബോക്സ് ഓഫീസിലെ എതിരാളികളില്ലാത്ത രാജാവാണ് താനെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം 'പഠാനൊ'പ്പം വർഷം ആരംഭിച്ച താരം ആക്ഷൻ ത്രില്ലർ 'ജവാനി'ലൂടെ വിജയ പരമ്പര തുടരുകയാണ്. ഇതോടെ ഒരു വർഷം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് നടൻ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് എസ്ആർകെ.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാൻ' ഇന്ത്യയിൽ നിന്ന് 544 കോടിയോളം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് ദിവസത്തെ പ്രദർശനം കൊണ്ട് 316 കോടിയാണ് ജവാന്റെ കളക്ഷൻ. രണ്ടു ചിത്രങ്ങളും ചേർത്ത് 860 കോടിയാണ് ഇതുവരെ ഷാരൂഖ് ബോക്സ് ഓഫീസിൽ എത്തിച്ചത്. അക്ഷയ് കുമാറിന് സ്വന്തമായിരുന്ന റെക്കോഡ് ആണ് ഷാരൂഖ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.
'കേസരി', 'മിഷൻ മംഗൾ', 'ഹൗസ്ഫുൾ 4', 'ഗുഡ് ന്യൂസ്' എന്നീ ചിത്രങ്ങളിൽ നിന്ന് 775 കോടി നേടിയതാണ് അക്ഷയ് കുമാറിന്റെ പേരിൽ 2019ൽ സ്ഥാപിതമായ റെക്കോഡ്. ജവാൻ പ്രദർശനം തുടങ്ങിയതേയുള്ളൂ എന്നതാണ് ശ്രദ്ധേയം. വൈകാതെ ഒരുവർഷം കൊണ്ട് 1000 കോടി നേടിയ താരമെന്ന റെക്കോഡും ഷാരൂഖ് സ്വന്തം പേരിലാക്കും. അതേസമയം രാജ്കുമാർ ഹിരാനിക്കൊപ്പം ഒരുക്കുന്ന 'ഡങ്കി' ക്രിസ്മസ് റിലീസാണ്.
ഷാരൂഖിനും അക്ഷയ് കുമാറിനും പിന്നിൽ 542 കോടി നേടി രൺവീർ സിങ് ആണ് മൂന്നാം സ്ഥാനത്ത്. 531 കോടി നേടിയ സൽമാൻ ഖാൻ തൊട്ടുപിന്നിലുണ്ട്. ഒരേയൊരു ചിത്രം കൊണ്ട് 515 കോടി നേടിയ(ഗദ്ദർ 2) സണ്ണി ഡിയോളിനാണ് അഞ്ചാം സ്ഥാനം. തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.