ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്ര കുതിപ്പിനൊരുങ്ങി കിംഗ് ഖാന്റെ 'ജവാൻ'. അറ്റ്ലീ ചിത്രം പത്താം ദിവസത്തിലെത്തി നിൽക്കുമ്പോൾ ഷാരൂഖിന്റെ തന്നെ പഠാന്റെ റെക്കോർഡ് തകർക്കുമോ എന്നാണ് ആരാധകർ നോക്കിക്കാണുന്നത്. ജവാൻ ആഗോള തലത്തിൽ 797.50 കോടി നേടിയതായി നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അതായത്, 1000 കോടിക്ക് ഇനി 200 കോടി ബാക്കി.
സെപ്റ്റംബർ ഏഴിന് റിലീസിനെത്തിയ ജവാൻ ആദ്യ ദിനം തന്നെ 75 കോടി നേടിക്കൊണ്ട് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ മാത്രം ജവാൻ 410.88 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് സാക്ക്നിൽക്ക് രേഖപ്പെടുത്തുന്നു. ഈ വർഷത്തെ ഹിന്ദി റിലീസുകളുടെ പട്ടികയിൽ ജവാൻ ഇതിനകം തന്നെ മൂന്നാം സ്ഥാനത്താണ്. 543.05 കോടി നേടിയ എസ്ആർകെയുടെ പഠാൻ ആണ് ഒന്നാം സ്ഥാനത്ത്. സണ്ണി ഡിയോൾ നായകനായ ഗദർ 2 517.06 കോടി രൂപ നേടി രണ്ടാം സ്ഥാനത്തുമുണ്ട്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
പഠാനെ മറികടക്കുന്നതിൽ ജവാന്റെ ഇതുവരെയുള്ള കളക്ഷൻ ധാരാളമാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ചിത്രം മൂന്നാം വാരം പിന്നിടുമ്പോഴേക്കും 1000 കോടി നേടുമെന്നാണ് സിനിമ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അതേസമയം, ജവാൻ തനിക്കൊരു ഒരു വികാരമാണെന്നാണ് ഷാരൂഖ് ഖാൻ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ പറഞ്ഞത്.