ലോക ബോക്സ് ഓഫീസിൽ ഏറ്റവും കളക്ഷൻ നേടുന്ന ബയോപിക് ചിത്രമെന്ന നേട്ടവുമായി ഓപ്പൺഹൈമർ. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റോബര്ട്ട് ജെ ഓപ്പണ്ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ നോളൻ സിനിമ ഓസ്കർ ചിത്രം 'ബൊഹീമിയൻ റാപ്സൊഡി'യുടെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്.
912 മില്യൺ ഡോളറാണ്(7595 കോടി) ഓപ്പൺഹൈമറിൻ്റെ ആഗോള കളക്ഷൻ. ബൊഹീമിയൻ റാപ്സൊഡി 2018 ഒക്ടോബറിൽ പുറത്തിറങ്ങിയതിന് ശേഷം 910 മില്യൺ ഡോളറാണ് കളക്ഷൻ നേടിയത്. ബ്രിട്ടീഷ് ഗായകൻ ഫ്രെഡി മെർക്കുറിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 2023 ജൂലൈ 19നാണ് ആഗോളതലത്തിൽ ഓപ്പൺഹൈമർ റിലീസിനെത്തിയത്. ജൂലൈ 21നായിരുന്നു ഇന്ത്യയിലെ റിലീസ്.
കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിൽ എത്തിയാണ്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമായി. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത ഓപ്പൺകൈമറിനുണ്ട്. നൂക്ലിയർ സ്ഫോടന പരീക്ഷണം സിനിമയ്ക്കു വേണ്ടി പുനഃസൃഷ്ടിച്ചത് കൊണ്ടുതന്നെ നോളൻ സിനിമകളിൽ ഏറ്റവും ചെലവുവന്നതും ഓപ്പൺഹൈമറിനാണ്.
അടുത്തിടെയുണ്ടായതിൽ ഏറ്റവും വലിയ ഹോളിവുഡ് ക്ലാഷ് റിലീസായിരുന്നു ഓപ്പൺഹൈമറും ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി'യും തമ്മിലുണ്ടായത്. ഇരു ചിത്രങ്ങളും താരതമ്യം ചെയ്താൽ ബാർബിയാണ് ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയത്.