കരിയറിന്റെ മുപ്പത്തിയൊന്നാം വർഷത്തിലും ബോളിവുഡിൽ കിങ് ഖാനായി തുടരുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാൻ' പ്രദർശനത്തിൻ്റെ രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ ആധിപത്യം നിലനിർത്തുന്നുണ്ട്. തിയേറ്ററിൽ കണ്ടവർക്കുൾപ്പെടെ പുതുമ നഷ്ടപ്പെടാതെ ഒടിടിയിൽ സിനിമ കാണാൻ അവസരമൊരുങ്ങുകയാണ്.
20 മിനിറ്റ് 'എക്സറ്റൻഡഡ് വേർഷനു'മായാണ് ജവാൻ ഓൺലൈൻ സ്ട്രീമിങ്ങിനെത്തുക. തിയേറ്റർ റിലീസിൽ ദൈർഘ്യം കൂടുന്നത് ഒഴിവാക്കാൻ ചില സുപ്രധാന രംഗങ്ങൾ ഒഴിവാക്കിയിരുന്നു. ഇതെല്ലാം ഒടിടി പതിപ്പിൽ ഉൾപ്പെടുത്തും.
ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലി കുമാർ നേരിട്ടെടുത്ത തീരുമാനത്തിലാണ് ചിത്രത്തിന്റെ എക്സ്റ്റെൻഡഡ് വേർഷൻ വരുന്നത്. കാഴ്ചക്കാർക്ക് കൂടുതൽ ആകർഷകമായ സിനിമാറ്റിക് അനുഭവം നൽകുകയാണ് ലക്ഷ്യം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് സിനിമയ്ക്ക് തിയേറ്ററിലെ ദൈർഘ്യം. ജവാൻ ഒടിടിയിലെത്തുമ്പോൾ മൂന്ന് മണിക്കൂർ 15 മിനിറ്റുണ്ടാകും.
സെപ്റ്റംബർ ഏഴിന് റിലീസിനെത്തിയ ജവാൻ ആദ്യ ദിനം തന്നെ 75 കോടി നേടിക്കൊണ്ട് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആഗോള തലത്തിൽ 858.68 കോടി പിന്നിട്ടാണാണ് സിനിമ മുന്നേറുന്നതെന്ന് നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റ്സ് വ്യക്തമാക്കി.