ഇന്ത്യന് ബോക്സോഫീസില് 500 കോടി കളക്ഷനുമായി ഷാരൂഖ് ഖാന്റെ ജവാന്. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ച്ച തികയും മുൻപേയാണ് 507.88 കോടി നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 14 കോടി കളക്ഷന് നേടിയെന്നാണ് സാക്നിൽക്കിന്റെ റിപ്പോര്ട്ട്. 75 കോടിയായിരുന്നു ജവാന്റെ ആദ്യ ദിന കളക്ഷൻ. ആദ്യ ഞായറാഴ്ച്ച 80 കോടിയും ആദ്യ ആഴ്ച ആഭ്യന്തര ബോക്സോഫീസില് 389 കോടിയും ചിത്രം സ്വന്തമാക്കി.
ഇതോടെ 'കെജിഎഫ് ചാപ്റ്റർ 2'ന്റെ ഹിന്ദി കളക്ഷനെയാണ് ജവാൻ മറികടന്നത്. പഠാന്, ബാഹുബലി: ദി കൺക്ലൂഷൻ, ഗദർ 2 എന്നീ സിനിമകൾക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയാണ് ജവാൻ.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ, ജവാൻ 883 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് നിര്മ്മാതാക്കള് തന്നെ ഔദ്യോഗികമായി അറിയിക്കുന്നത്.
പഠാന്റെ റെക്കോർഡിനേക്കാൾ ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന്റെ കളക്ഷൻ എത്തുമെന്നാണ് റിപ്പോർട്ട്. അറ്റ്ലിയുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രമെന്ന നിലയിൽ ഏറ്റവും മികച്ച തുടക്കമാണ് ഒരു സംവിധായകനെന്ന നിലയിൽ സംഭവിച്ചിരിക്കുന്നത്.