പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പ്രതികരണങ്ങളാണ് ഇപ്പോൾ സിനിമ ലോകത്തെ സംസാരവിഷയം. രാജമൗലി സംവിധാനം ചെയ്യുന്ന ബയോപിക്കിന്റെ തലക്കെട്ടായിരുന്നു ചർച്ചകളും തർക്കങ്ങളും ഉടലെടുക്കാൻ കാരണമായത്.
ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ബയോപിക്കാണ് രാജമൗലിയുടെ അടുത്ത പ്രോജക്ട്. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.'കഥ ആദ്യം കേട്ടപ്പോൾ, എനിക്ക് വൈകാരികമായി തോന്നി. ഒരു ബയോപിക് നിർമ്മിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അതിലും വെല്ലുവിളിയാണ് ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച് ഒന്ന് ചെയ്യുന്നത്. എന്റെ ടീം തയ്യാറായിക്കഴിഞ്ഞു. അഭിമാനത്തോടെ, 'മെയ്ഡ് ഇൻ ഇന്ത്യ' അവതരിപ്പിക്കുന്നു,' എന്നാണ് രാജമൗലി എക്സിൽ കുറിച്ചത്.
When I first heard the narration, it moved me emotionally like nothing else.
— rajamouli ss (@ssrajamouli) September 19, 2023
Making a biopic is tough in itself, but conceiving one about the FATHER OF INDIAN CINEMA is even more challenging. Our boys are ready and up for it..:)
With immense pride,
Presenting MADE IN INDIA… pic.twitter.com/nsd0F7nHAJ
എന്നാൽ സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 'മെയ്ഡ് ഇൻ ഇന്ത്യ' എന്നതിൽ നിന്ന് 'മെയ്ഡ് ഇൻ ഭാരത്' എന്ന തലക്കെട്ട് മാറ്റണമെന്ന അഭ്യർത്ഥനകളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. രാജ്യം 'ഭാരത്' എന്ന പേരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വാഗ്വാദങ്ങളും രാജ്യത്തിന്റ എല്ലാ കോണിലും സജീവമാകുന്നതിനിടെയാണ് സിനിമയുടെ തലക്കെട്ടിലും മാറ്റം കൊണ്ടുവരണമെന്ന കമന്റുകൾ എത്തുന്നത്. നിരവധി പേരാണ് ഇന്ത്യ എന്നുള്ളത് ഭാരത് ആക്കണമെന്ന ആവാശ്യം അറിയിച്ചിരിക്കുന്നത്.
രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ കക്കറിനാണ് സംവിധാന ചുമതലകൾ. ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതത്തിലേക്കും ഇന്ത്യൻ സിനിമയുടെ പൈതൃകത്തിലേക്കും കടന്നുചെല്ലുന്നതാണ് ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.