അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിനെ അനുസ്മരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കെ ജി ജോർജിന്റെ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാക്കിയ നവതരംഗത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ലിജോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സിനിമയുള്ളിടത്തോളം കാലം ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ ജി ജോർജ് ആണെന്നും അത് തന്റ ആശാൻ ആണെന്നും അഭിമാനത്തോടെ ഓർക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വൈകാരികമായ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലിജോ ജോസിന്റെ കുറിപ്പ്
'സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി . ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു. ആദ്യം കാണുമ്പോൾ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ.
പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ, ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പന്റെ കേസന്വേഷിക്കാൻ വന്ന പോലീസുകാർക്കിടയിൽ, ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ അപമാനത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടൽക്കരയിൽ, സർക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങൾക്കിടയിൽ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകിൽ, കോടമ്പാക്കത്തെ തിരക്കിൽ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയിൽ.
കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടൻ കള്ളുഷാപ്പിലെ മദ്യപർക്കിടയിൽ. റബ്ബർ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണിൽ. ഒരാളുടെ അന്ത്യയാത്രയിൽ സഹയാത്രികരായ സഞ്ചാരികൾക്കിടയിൽ, ഉൾക്കടലിലെ നീറുന്ന ആഴത്തിനടിയിലെവിടെയോ ഉള്ള നിശ്ചലതയിൽ , അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളിൽ ആ ചിരിയുണ്ടായിരുന്നു..
സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അത് കേൾക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ.ജി ജോർജ് ആണെന്നും, അദ്ദേഹമാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും.'
കെ ജി ജോർജിന്റെ മൃതദേഹം നാളെ രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും. നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. വൈകിട്ട് ആറ് മണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗം ഉണ്ടായിരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക