ലോകം ചർച്ച ചെയ്ത ടൈറ്റൻ ദുരന്തം സിനിമയാകുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം 'ടൈറ്റൻ' അപകടത്തിൽപ്പെടുകയായിരുന്നു. ദുരന്തം ജെയിംസ് കാമറൂൺ സിനിമയ്ക്ക് പ്രമേയമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സംവിധായകൻ നിരസിക്കുകയായിരുന്നു.
ടൈറ്റൻ ദുരന്തം സിനിമയാകുന്നതായി അറിയിച്ചിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നിർമ്മാണ കമ്പനിയായ മൈൻഡ്റിയോട്ട്. 'സാൽവേജ്ഡ്' എന്നാണ് പേര്. ഇ ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോനാഥൻ കേസി പറഞ്ഞു. സത്യമാണ് വലുതെന്നും ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂൺ മാസത്തിലായിരുന്നു ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ജലപേടകം അപകടത്തിൽ പെട്ടത്. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നിവരായിരുന്നു അന്തർവാഹിനിയിലെ യാത്രക്കാർ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക