ഏഴ് ആഴ്ചയുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ എന്ന പ്രഖ്യാപനവുമായാണ് രക്ഷിത് ഷെട്ടി നായകനായ 'സപ്ത സാഗരദാച്ചേ എല്ലോ' തിയേറ്ററുകളിൽ എത്തിയത്. ഹേമന്ദ് എം റാവു സംവിധാനം ചെയ്ത ചിത്രം 'സൈഡ് എ', 'സൈഡ് ബി' എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത്. ഇതിനോടകം സൈഡ് എ കണ്ട പ്രേക്ഷകർ ദിവസമെണ്ണിയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. എന്നാൽ പറഞ്ഞ തീയതിയിൽ സിനിമ എത്തില്ല എന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 27നുമാണ് രണ്ട് ഭാഗങ്ങളുടെ റിലീസ് പ്രഖ്യാപിച്ചത്. ആദ്യ ഭാഗം കർണ്ണാടകയ്ക്ക് പുറമെ പ്രദർശിപ്പിച്ചിരുന്നില്ല. റിലീസിന് മുമ്പേ പൊതുവേദിയിൽ സംസാരിച്ച രക്ഷിത്, സിനിമ എല്ലാ ഭാഷകളിലെയും പ്രേക്ഷകരിൽ എത്തുമെന്നും രണ്ടാം ഭാഗത്തിന് വലിയ റിലീസ് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു.
താരം പറഞ്ഞതു പോലെ കർണ്ണാടകയിലെ തിയേറ്ററുകൾ അടക്കിവാണ ശേഷം ഒടിടിയിൽ സിനിമ എല്ലാ ഭാഷകളിലും പ്രേക്ഷകരെയും ആരാധകരെയും നേടി. രണ്ടാം ഭാഗത്തിന്റെ ഗ്ലിംപ്സ് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഒക്ടോബർ 27ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നും അറിയിപ്പുണ്ട്.
ആരാധകർ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ പ്രതീക്ഷിച്ചിരിക്കെ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈഡ് ബിയിൽ ആറ് പാട്ടുകളുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പകുതിയോടെ പ്രൊമോഷൻ പരിപാടികൾ തുടങ്ങുമെന്നും അറിയിച്ചു. എന്നാൽ ഒക്ടോബർ 27ന് പകരം ദീപാവലിക്കാകും സൈഡ് ബി റിലീസിനെത്തുക എന്നാണ് കന്നഡയിലെ സിനിമാ ട്രാക്കർമാർ ട്വിറ്റ് ചെയ്യുന്നത്.
സൈഡ് എയ്ക്ക് ലഭിച്ച സ്വീകാര്യത നിർമ്മാതാക്കളെ പാൻ ഇന്ത്യൻ സ്വപനങ്ങളിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനും ഡബ്ബിങ്ങിനും മറ്റുമായി കൂടുതൽ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടുന്നത് എന്നാണ് വിവരം. അതേസമയം ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക