മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംഭിച്ചു. നവംബർ വരെ നീളുന്ന ഈ ഷെഡ്യൂളോടെ സിനിമ പൂർത്തിയാകും. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റിലീസ് തീയതി ദസറ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഏക്ത കപൂർ സഹനിർമ്മാതാവാണ്. 2024ൽ ഇന്ത്യൻ സിനിമയിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും വലിയ ഒന്നെന്നാണ് നിർമ്മാതാവ് ഏക്ത കപൂർ വൃഷഭയെക്കുറിച്ച് പറഞ്ഞത്. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷം ജൂലൈയിൽ മൈസൂരിൽ ആയിരുന്നു ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുർലോയും ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്നും എത്തിയതോടെ ചിത്രം വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്.
വൃഷഭ പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ എമ്പുരാൻ ചിത്രീകരണത്തിൽ ചേരും. ഒക്ടോബർ ആദ്യം ദില്ലിയിൽ നടന്ന സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുക്കാൽ മോഹൻലാൽ എത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന് സീനുകൾ ഉണ്ടായിരുന്നില്ല.